ഡൽഹിയിലെ മൂന്നിലൊന്ന് പേർക്കും കൊവിഡ് ബാധിച്ചു; ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി സിറോ സർവേ

ന്യൂഡൽഹി: ഡൽഹിയിൽ താമസിക്കുന്ന മൂന്നിലൊന്ന് പേർക്കും കൊവിഡ് രോഗബാധയുണ്ടായിട്ടുണ്ടെന്നും ഇവരുടെ ശരീരത്തിൽ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്നും സർവേ റിപ്പോർട്ട്. തലസ്ഥാന നഗരിയിൽ നടത്തിയ രണ്ടാം സെറോളജിക്കൽ സർവേ അഥവാ സിറോ സർവേയിലാണ് ഇതു വ്യക്തമായത്.

ഡൽഹി നിവാസികളിലെ 29.1 ശതമാനം ആളുകളിലും കൊറോണ വൈറസിനെതിരായ ആന്റി ബോഡിയുണ്ടെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.

കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തിയവരിൽ ഭൂരിഭാഗം പേരും സൗത്ത് ഈസ്റ്റ് ഡൽഹി ജില്ലയിൽനിന്നുള്ളവരാണ്. ഈ മാസം ആദ്യവും ഡൽഹിയിൽ സിറോ സർവേ നടത്തിയിരുന്നു. ഡൽഹിയിലെ ജനസംഖ്യയുടെ 23.48 ശതമാനവും കൊവിഡ് ബാധിതരായെന്ന് ഇതിൽ കണ്ടെത്തിയിരുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ആദ്യവാരവും സർവേ നടത്തും.

Exit mobile version