റഷ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു, ഇന്ത്യയിലാണെങ്കില്‍ പപ്പടം കഴിക്കാന്‍ ആവശ്യപ്പെടുന്നു; വിമര്‍ശനവുമായി ശിവസേന

ന്യൂഡല്‍ഹി: റഷ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു, എന്നാല്‍ ഇന്ത്യയാണെങ്കില്‍ രോഗം ബാധിക്കാതിരിക്കാന്‍ പപ്പടം കഴിക്കാനാണ് മന്ത്രിമാര്‍ ആവശ്യപ്പെടുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ഇന്ത്യയാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചതെങ്കില്‍ നമ്മള്‍ കൂടുതല്‍ സ്വാശ്രയരാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഒന്നടങ്കം കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ വാക്‌സിന്‍ കണ്ടെത്തിയ റഷ്യയെ സഞ്ജയ് റാവത്ത് പ്രശംസിച്ചു. ഇന്ത്യക്കാവശ്യം റഷ്യയിലേതുപോലെ ശക്തമായ ഭരണകൂടമാണെന്ന് ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തില്‍ സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

മകള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയുടെ വാക്‌സിനെ അംഗീകരിക്കുന്നില്ല. അമേരിക്കയാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചതെങ്കില്‍ ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ സംശയം പ്രകടിപ്പിക്കുമായിരുന്നോ എന്നും സഞ്ജയ് റാവത്ത് ചോദിക്കുന്നു.

ബിജെപി നേതാക്കളില്‍ പലരെയും കോവിഡ് ബാധിച്ചിട്ടും അവര്‍ അശാസ്ത്രീയ സമീപനം തുടരുകയാണെന്ന് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ആയുഷ് മന്ത്രി ശ്രീപദ് നായിക് പല ആയുര്‍വേദ മരുന്നുകളും കോവിഡിനെ പ്രതിരോധിക്കാന്‍ നിര്‍ദേശിച്ചു. പക്ഷേ അദ്ദേഹവും കോവിഡ് ബാധിതനായി എന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

Exit mobile version