ബിജെപി നേതാക്കൾക്ക് ഫേസ്ബുക്കിൽ എന്തുമാകാം; ഭരിക്കുന്ന പാർട്ടിയോട് പക്ഷപാതമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ബിജെപി നേതാക്കളുടെ ഫേസ്ബുക്കിലെ മോശം പ്രവർത്തികളോട് കമ്പനി കണ്ണടയ്ക്കുന്നെന്ന് ആരോപണം. ബിജെപി നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്ക് കമ്പനി നയങ്ങളിൽ വെള്ളംചേർക്കുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണലാണ് ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേയ്‌സ്ബുക്ക് നിലപാട് സ്വീകരിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫേസ്ബുക്കിലെ ഉദ്യോഗസ്ഥരെ തന്നെ ഉദ്ധരിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയ ബിജെപിയുടെ തെലങ്കാന എംഎൽഎ രാജ സിങ്ങിനെതിരെ നടപടിയെടുക്കാൻ ഫേസ്ബുക്ക് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. രാജ സിങ്ങിനെ ഫേസ്ബുക്കിൽനിന്ന് വിലക്കാതിരിക്കാൻ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അൻഖി ദാസ് ഇടപെട്ടുവെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് നയങ്ങൾ ലംഘിക്കുന്നതിന്റെ പേരിൽ മോഡിയുടെ പാർട്ടിയിൽപ്പെട്ട നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ വളർച്ചയ്ക്ക് തടസ്സമാകുമെന്ന് അൻഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

ഇത് ഭരിക്കുന്ന പാർട്ടിയോടുള്ള ഫേസ്ബുക്കിന്റെ പക്ഷപാതപരമായ നടപടിയായി റിപ്പോർട്ട് വിലയിരുത്തുന്നു. അതേസമയം, ഈ വിഷയം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരും ബിജെപിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇത് കാണിക്കുന്നതെന്നും ഇത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

Exit mobile version