‘എസ്പിബി എനിക്ക് ദൈവത്തെ പോലെയാണ്, അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു’; ഖുശ്ബു

ചെന്നൈ: കൊവിഡ് വൈറസ് ബാധിതനായി ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച് നടി ഖുശ്ബു. എസ്പിബി തനിക്ക് ദൈവത്തെ പോലെയാണെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നുമാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ താരം പറഞ്ഞത്.

‘ഇപ്പോ എന്ത് പറയണമെന്ന് അറിയില്ല. അദ്ദേഹം എല്ലാ ദിവസവും കൂടെ ഉള്ള ആളാണ്. അവര്‍ ഇല്ലാത്ത ഒരു ദിവസവും എനിക്ക് ആലോചിക്കാനാകില്ല. രാവിലെ എഴുന്നേറ്റ് ദൈവത്തെ പ്രാര്‍ത്ഥിക്കുന്നുവോ അതുപോലെ തന്നെ എല്ലാ ദിവസവും അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കുന്നു. രാവിലെ അവരുടെ പാട്ടുകള്‍ കേള്‍ക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ പാട്ടു കേള്‍ക്കുന്നു. ജോലി ചെയ്യുമ്പോള്‍ അവരുടെ പാട്ടുകള്‍ കേള്‍ക്കുന്നു. ഉറങ്ങുമ്പോള്‍ പാട്ടുകേള്‍ക്കുന്നു. എനിക്ക് അദ്ദേഹം കടവൂള്‍ പോലെയാണ്. എന്റെ ഫോണില്‍ എസ്പിബി ദ ഗോഡ് എന്നാണ് ഞാന്‍ എഴുതിയിരിക്കുന്നത്. ദൈവത്തെപ്പോലെയാണ് കാണുന്നത്. എന്നെപ്പോലെ ലോകത്ത് ഒട്ടേറെ ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവാനായി കാത്തിരിക്കുന്നു. അദ്ദേഹം തിരിച്ചുവരും. തിരിച്ചുവന്ന് പാട്ടുപാടണം. അദ്ദേഹത്തെ കെട്ടിപ്പിടിക്കണം, പാട്ടു കേള്‍ക്കണം, അതുകൊണ്ട് നിങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. നിങ്ങള്‍ വരും. നിങ്ങള്‍ കരുത്തുള്ള ആളാണ്. ഞങ്ങള്‍ കാത്തിരിക്കുന്നു’ എന്നാണ്
ഖുശ്ബു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.

അതേസമയം എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എസ്പിബിയുടെ ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടുവെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version