എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍

ചെന്നൈ: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. എസ്പിബിയുടെ ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടുവെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ചെന്നൈയിലെ എംജിഎം ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകന്‍ എസ്പി ചരണ്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി അറിയിച്ചിരുന്നു. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു.

കൊവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിച്ച ഉടനെ തന്നെ തന്റെ ആരോഗ്യനിലയും രോഗവിവരവും വ്യക്തമാക്കി എസ്പിബി തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. താന്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് അന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കിയത്. എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.

Exit mobile version