എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം; ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കോവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ആഘോഷം. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാവിലെ 7.30ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും.

ശേഷം നടത്തുന്ന പ്രസംഗത്തില്‍ ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പ്രഖ്യാപിച്ചേക്കും. കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കും. ഇത്തവണത്തെ ആഘോഷത്തില്‍ അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്.സുരക്ഷാ സേനാംഗങ്ങളും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും കോവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചവരോ രോഗമുക്തരോ ആകും.

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം ഒത്തുചേരല്‍ പരിപാടി ഒഴിവാക്കിയിട്ടില്ല. ഭീകര ഭീഷണി നേരിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.കേരളത്തില്‍ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലായതിനാല്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരാണ് പതാക ഉയര്‍ത്തുക. മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടറും കോഴിക്കോട് അഡി ജില്ലാ മജിസ്‌ട്രേറ്റും പതാക ഉയര്‍ത്തും. മറ്റ് ജില്ലകളില്‍ നേരത്തേ നിശ്ചയിച്ച പ്രകാരം മന്ത്രിമാര്‍ പതാക ഉയര്‍ത്തും.

Exit mobile version