ഒടുവില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി, ബിജെപിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ അടിയാണിതെന്ന് കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തുമായുള്ള ഭിന്നത അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ പരാതികളെല്ലാം സച്ചിന്‍ പൈലറ്റ് വിശദമായി അവതരിപ്പിച്ചുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മൂന്നംഗ സമിതിയെ നിയോഗിച്ചു. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിനുശേഷം രാഹുല്‍, പ്രിയങ്ക എന്നിവരുമായി സച്ചിന്‍ പൈലറ്റ് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ നടപടി.

സത്യസന്ധവും ആത്മാര്‍ഥവുമായ ചര്‍ച്ചയാണ് നേതാക്കള്‍ തമ്മില്‍ നടത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പൈലറ്റ് പ്രതിജ്ഞാബദ്ധമാണെന്നും കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.

അശോക് ഗെഹ്ലോത്തുമായുള്ള ഭിന്നത അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ അടിയാണെന്നും വേണുഗോപാല്‍ പറഞ്ഞു. വിമത എംഎല്‍എമാരുടെ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനായി മൂന്നംഗ സമിതി രൂപീകരിക്കുന്നതില്‍ ഇരുപക്ഷവും സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

കുതിരക്കച്ചവടം നടത്തുകയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്യുകയാണ് ബിജെപി. അവരുടെ തെറ്റായ സമീപനങ്ങള്‍ക്കെതിരായ സന്ദേശമാണിതെന്നും വേണുഗോപാല്‍ വാര്ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോതിന്റെ പ്രവര്‍ത്തനശൈലി അടക്കമുള്ളവ മൂന്നംഗ സമിതി വിലയിരുത്തുമെന്നാണ് വിവരം. എന്നാല്‍, ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും അദ്ദേഹത്തിന് തിരികെ ലഭിക്കുമോ എന്നകാര്യം വ്യക്തമല്ല. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അദ്ദേഹത്തിന് തിരികെ ലഭിക്കാനിടയില്ലെന്നാണ് സൂചന.

അതേസമയം, ഗെഹ്ലോതിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാനും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നാണ് പൈലറ്റ് ക്യാമ്പ് അവകാശപ്പെടുന്നത്. രണ്ട് ദിവസമായി പൈലറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും രാഹുലിനെയും പ്രിയങ്കയെയും സന്ദര്‍ശിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നുമാണ് പുറത്തുവരുന്ന വിവരം.

Exit mobile version