യുഎസില്‍ നദിയില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു, ഒടുവില്‍ രക്ഷകനായി എത്തിയ ഇന്ത്യക്കാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, മരിച്ചത് കര്‍ഷക കുടുംബത്തില്‍ നിന്നും ജോലി തേടി എത്തിയ 29കാരന്‍

വാഷിങ്ടണ്‍: നദിയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ അമേരിക്കയില്‍ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ചു. ഗുര്‍ദാസ്പൂര്‍ സ്വദേശിയായ മഞ്ജിത് സിങ് ആണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ കിങ്‌സ് നദിയിലാണ് സംഭവം. ഒഴുക്കില്‍പ്പെട്ട മൂന്നുകുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് മഞ്ജിതിന് ജീവന്‍ നഷ്ടമായത്.

ഫ്രെസ്‌നോ കൗണ്ടിയിലെ വീടിന് സമീപം റീഡ്‌ലി ബീച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടുപോവുന്നത് മഞ്ജിതും സുഹൃത്തുക്കളും കണ്ടത്. എട്ട് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും 10 വയസുകാരനായ ആണ്‍കുട്ടിയുമാണ് ഒഴുക്കില്‍പ്പെട്ടത്.

തുടര്‍ന്ന് കുട്ടികളെ രക്ഷിക്കാനായി മഞ്ജിത് ഓടിയെത്തുകയായിരുന്നു. തന്റെ തലപ്പാവ് അഴിച്ച് കയര്‍ പോലെ പിരിച്ച് കുട്ടികള്‍ക്ക് നേരെ നീട്ടാനാണ് ശ്രമിച്ചത്. പെട്ടെന്ന് മഞ്ജിതും ഒഴുക്കില്‍ പ്പെട്ടുപോവുകയായിരുന്നുവെന്ന് റീഡ്‌ലിയിലെ പൊലീസ് ഓഫീസര്‍ മാര്‍ക്ക് എഡിഗര്‍ പറഞ്ഞു.

മഞ്ജിതിന്റെ സുഹൃത്തുക്കള്‍ക്ക് കുട്ടികളെ രക്ഷിക്കാനായി. രണ്ട് പേര്‍ സുരക്ഷിതരാണ്. ഒരാളുടെ നിലഗുരുതരമാണ്. വെള്ളത്തിനടിയില്‍ 15 മിനിറ്റോളം കിടന്ന ഒരു പെണ്‍കുട്ടിയുടെ നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. മഞ്ജിതിനെ 40 മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവിലാണ് കരയ്‌ക്കെത്തിച്ചത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുര്‍ദാസ്പൂര്‍ സ്വദേശിയാണ് മഞ്ജിത്. കര്‍ഷക കുടുംബത്തില്‍പ്പെട്ട മഞ്ജിത് ജോലി തേടിയാണ് രണ്ട് വര്‍ഷം മുന്‍പ് അമേരിക്കയില്‍ എത്തിയത്. അവിടെ ട്രക്ക് ഡ്രൈവര്‍ പരിശീലനം നേടുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

Exit mobile version