‘ക്ഷണിച്ചാലും അയോധ്യയിലെ മുസ്ലീം പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല’; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ക്ഷണിച്ചാലും അയോധ്യയിലെ മുസ്ലീം പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ഒരു മതവുമായും ഒരു പ്രശ്‌നവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇഫ്താര്‍ പരിപാടിയില്‍ തൊപ്പിയുമണിഞ്ഞ് നില്‍ക്കുന്നവര്‍ മതേതരക്കാരാണെന്ന് അഭിനയിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അയോധ്യയില്‍ ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന മുസ്ലിം പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനായിരുന്നു യോഗി ആദിത്യനാഥ് ഇത്തരത്തില്‍ മറുപടി നല്‍കിയത്.

‘ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ഒരു മത വിഭാഗവുമായും എനിക്ക് അകലമില്ല, എന്നാല്‍ യോഗി എന്ന നിലയില്‍ ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കില്ല, ഹിന്ദു എന്ന നിലയില്‍, മതപരമായ നിയമങ്ങള്‍ അനുസരിച്ച് ആരാധിക്കാനും ജീവിക്കാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ പ്രവൃത്തികളില്‍ ഇടപെടാനോ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനോ എനിക്ക് അവകാശമില്ല. അയോധ്യയിലെ പള്ളിയുടെ നിര്‍മാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ല. എന്നെ ആരും ക്ഷണിക്കില്ല. എനിക്ക് അവിടെ പോകേണ്ട കാര്യമില്ല’ എന്നാണ് യോഗി പറഞ്ഞത്.

അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജ ചടങ്ങില്‍ യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു. നാല്‍പത് കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.

Exit mobile version