ലോക കായിക മാമാങ്കത്തിന് വേദിയാകാനൊരുങ്ങി ഇന്ത്യയും

ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിന് വേദിയാകാനുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നത്

ന്യൂഡല്‍ഹി: ഡല്‍ഹിയോ മുംബൈയിലോ 2032 ലെ ഒളിമ്പിക്സിന് വേദിയൊരുക്കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചു. ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിന് വേദിയാകാനുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നത്.

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്കുമായി നേരത്തെ ഐഒഎ പ്രസിഡന്റ് നരേന്ദര്‍ ബത്ര നടത്തിയ ചര്‍ച്ചയില്‍ ഒളിമ്പിക്സ് വേദിയൊരുക്കുന്നതിനുളള താല്‍പര്യം ഇന്ത്യ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടായിരുന്നു അദ്ദേഹത്തിന്. തുടര്‍ന്ന് 2032 ലെ വേദിയൊരുക്കാന്‍ തയ്യാറാണെന്ന് കാട്ടി ഇന്ത്യ മൂന്നംഗ ബിഡ് കമ്മിറ്റി യോഗത്തിലും നിലപാട് അറിയിച്ചു.

ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്തയാണ് യോഗത്തില്‍ പങ്കെടുത്തത്. ഓരോ രാജ്യത്തിന്റെ പ്രത്യേകതയും സംഘാടനമികവും അടിസ്ഥാനമാക്കിയാണ് ഒളിമ്പിക്‌സ് വേദി പ്രഖ്യാപിക്കുക. 2032 ലെ വേദി സംബന്ധിച്ച ലേല നടപടികള്‍ തുടങ്ങുന്നത് 2022 ലാണ്. 2025 ലാണ് വേദി പ്രഖ്യാപിക്കുക. 2032 ലെ വേദിക്കായി പ്രമുഖ നഗരങ്ങള്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടപ്പിലാക്കിയ ഇന്തോനേഷ്യ, ചൈനീസ് നഗരം ഷാങ്ഹായ്, ഓസ്ട്രേലിയന്‍ നഗരം ബ്രിസ്ബെന്‍, നോര്‍ത്ത് സൗത്ത് കൊറിയകളുടെ സംയുക്ത വേദി, ജര്‍മ്മനി തുടങ്ങിയ വന്‍ നഗരങ്ങളാണ് ഇന്ത്യക്ക് വെല്ലുവിളിയായി മുന്‍പന്തിയിലുള്ളത്. 2020ല്‍ ജപ്പാനും 2024ല്‍ പാരീസും 2028ല്‍ ലോസ് ഏഞ്ചല്‍സുമാണ് ഒളിമ്പിക്സിനു വേദിയാകുന്നത്.

Exit mobile version