കൊവിഡ് കാലത്തും മനുഷ്യത്വമില്ലാത്ത ബിസിനസ്; സാനിറ്റൈസറിലും വ്യാജൻ; പതിനൊന്ന് ബ്രാൻഡുകൾക്ക് എതിരെ കേസ്

ന്യൂഡൽി: കൊവിഡ് കാലത്ത് സാമൂഹിക അകലവും കൈകൾ വൃത്തിയായി സൂക്ഷിക്കുകയും മാസ്‌ക് ധരിക്കുകയുമാണ് ജീവൻ രക്ഷിക്കാനുള്ള വഴിയെന്നിരിക്കെ ജനങ്ങളുടെ പ്രതിരോധ മാർഗങ്ങൾക്ക് തുരങ്കം വെച്ച് ചില ബിസിനസുകാർ. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വൈറസിനെ ഇല്ലാതാക്കുന്നതോടെ രോഗവ്യാപനം ഫലപ്രദമായി തടയാനാകും. എന്നാൽ ഇങ്ങനെയൊരു ഉത്പന്നത്തിൽ പോലും മായം ചേർത്ത് വിൽപന നടത്തുകയാണ് ചിലർ

ലാഭം മാത്രം ലക്ഷ്യം വെച്ച് ഹാൻഡ് സാനിറ്റൈസർ എന്ന പേരിൽ ഗുണമേന്മയില്ലാത്ത ഉത്പന്നം വിണിയിലെത്തിച്ച പതിനൊന്ന് ബ്രാൻഡുകളുടെ ഹാൻഡ് സാനിറ്റൈസറുകൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഹരിയാന സർക്കാർ. ആരോഗ്യ മന്ത്രി അനിൽ വിജ്ജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും സാനിറ്റൈസറിന്റെ സാമ്പിൾ ശേഖരിച്ചിരുന്നുവെന്നും ഇതിൽ 11 ബ്രാൻഡുകൾക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

ഹാൻഡ് സാനിറ്റൈസറുകളിൽ ആകെ 248 സാമ്പിളുകൾ ശേഖരിച്ചതിൽ 123 എണ്ണത്തിന്റെ ഫലം പുറത്തുവന്നപ്പോൾ 109 എണ്ണമാണ് ഗുണമേന്മാ പരിശോധന പാസായത്. പതിനാല് സാമ്പിളുകൾ ടെസ്റ്റിൽ പരാജയപ്പെട്ടു. ഇതിൽ ഒമ്പതെണ്ണം ഉപയോഗിക്കാൻ കൊള്ളാത്തത്രയും ഗുണമേന്മയില്ലാത്തതാണെന്നാണ് റിപ്പോർട്ട്.

അഞ്ച് ബ്രാൻഡുകളുടെ സാനിറ്റൈസറിലാണെങ്കിൽ ‘മെഥനോളി’ന്റെ അംശം അപകടകരമായ തോതിൽ കൂടുതലായിരുന്നുവത്രേ. വ്യാജ സാനിറ്റൈസർ വിൽപന വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് ഹരിയാന സർക്കാറിന്റെ നടപടി. ഇനിയും ഇത്തരത്തിലുള്ള പ്രവണതകൾ ശ്രദ്ധയിൽ പെട്ടാൽ കൂടുതൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
.

Exit mobile version