രഞ്ജൻ ഗോഗോയിയെ ഭൂമിപൂജയ്ക്ക് ക്ഷണിക്കാത്തത് തെറ്റ്; കർസേവകരുടെ ത്യാഗത്തെ വിസ്മരിച്ചവർ രാമദ്രോഹികൾ: കടുപ്പിച്ച് ശിവസേന

മുംബൈ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ മുന്നോടിയായി നടന്ന ഭൂമിപൂജയ്ക്കിടെ കർസേവകരുടെ ത്യാഗത്തെ വിസ്മരിച്ചവർ രാമദ്രോഹികളാണെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഭൂമി പൂജ ചടങ്ങ് മുഴുവൻ രാജ്യത്തിന്റേയും ജനങ്ങളുടേതുമാണ്. എന്നാൽ ആർക്കും അംഗീകാരം കിട്ടരുത് എന്നുളള നിർബന്ധം എന്തിനാണെന്നും ബിജെപിയെ ലക്ഷ്യം വെച്ച് ശിവസേന ചോദിക്കുന്നു. ബുധനാഴ്ച അയോധ്യയിൽ നടക്കുന്ന ഭൂമി പൂജ ചടങ്ങ് വ്യക്തി കേന്ദ്രീകൃതവും രാഷ്ട്രീയകക്ഷി കേന്ദ്രീകൃതവുമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.രാമക്ഷേത്ര നിർമ്മാണത്തിനായി നിരവധി വിഎച്ച്പി, ബജ്രംഗ്ദൾ, ശിവസേന, ആർഎസ്എസ് പ്രവർത്തകർ ജീവത്യാഗം ചെയ്‌തെന്നും ലാത്തികളെയും വെടിയുണ്ടകളേയും അഭിമുഖീകരിച്ചതായും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്.

രാമക്ഷേത്രം ഉയരുന്ന അയോധ്യയിലെ മണ്ണിന് കർസേവകരുടെ ത്യാഗത്തിന്റെ മണമുണ്ട്. അതു മറക്കുന്നവർ രാമദ്രോഹികളാണ്. 1992ൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തത് കർസേവകരാണ്. മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു പള്ളി തകർത്തത്. കഴിഞ്ഞ വർഷം നവംബറിലാണ് രാമജന്മഭൂമിയെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതി വിധിക്കുന്നത്. പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിന് അയോധ്യയിൽ മറ്റൊരിടത്ത് അഞ്ചേക്കർ നൽകാനും കോടതി വിധിച്ചു. വിധി പ്രസ്താവിച്ച സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ ഭൂമിപൂജ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനേയും ശിവസേന വിമർശിച്ചു.

അതേസമയം, ബാബ്‌റി പള്ളി പൊളിക്കുന്നതിന് മുന്നിൽ തന്നെയുണ്ടായിരുന്ന ശിവസേനയേയും ഭൂമി പൂജ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ബുധനാഴ്ച നടക്കുന്ന ഭൂമിപൂജയോടെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ വാദങ്ങൾക്കും എന്നന്നേക്കുമായി അവസാനം കുറിച്ചിരിക്കുകയാണെന്നും കോൺഗ്രസിന്റേയും സമാജ്‌വാദി പാർട്ടിയുടെയും ഇടതുപാർട്ടികളുടേയും വികാരങ്ങൾ കൂടി കണക്കിലെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

Exit mobile version