പ്രധാനമന്ത്രി മോഡിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക; രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ നിന്നും ഒഴിവാക്കണം: അഭ്യർത്ഥിച്ച് ഉമാ ഭാരതി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മുമ്പുള്ള ഭൂമി പൂജയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ബിജെപി നേതാവ് ഉമാ ഭാരതി. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കാൻ സംഘാടകരോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും ആവശ്യപ്പെട്ടതായി ഉമാഭാരതി ട്വീറ്റ് ചെയ്തു.

ഭോപ്പാലിൽനിന്നും താൻ പുറപ്പെടുകയാണ്. പ്രധാനമന്ത്രിയും മറ്റ് അതിഥികളും പങ്കെടുക്കുന്ന ചടങ്ങിന് അയോധ്യയിൽ എത്തുന്നതിനിടെ കൊവിഡ് ബാധിച്ച ആരെങ്കിലുമായി താൻ സമ്പർക്കത്തിൽ വരാനുള്ള സാധ്യതയുണ്ട്. അതിനാൽ ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിൽക്കും. ചടങ്ങ് പൂർത്തിയായി അതിഥികൾ പിരിഞ്ഞ ശേഷം താൻ രാംലല്ലയിൽ എത്തുമെന്നും ഉമാഭാരതി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ചടങ്ങിൽ പങ്കെടുക്കുന്ന മറ്റ് നേതാക്കളുടെയും ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏതാനും ബിജെപി നേതാക്കളും കോവിഡ് ബാധിതരായത് ആശങ്കക്കിടയാക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പടെ പ്രമുഖ ബിജെപി നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

Exit mobile version