പത്ത് ദിവസമായി ഡോക്ടര്‍ എത്തുന്നില്ല; ഡോക്ടറുടെ മുറിക്ക് മുന്നില്‍ കുത്തിയിരുപ്പ് ധര്‍ണ്ണ നടത്തി കൊവിഡ് രോഗി

പാട്‌ന: പരിശോധിക്കാന്‍ പത്ത് ദിവസമായി ഡോക്ടര്‍ എത്താത്തതിനെ തുടര്‍ന്ന് മുറിക്ക് മുന്നില്‍ കുത്തിയിരുപ്പ് ധര്‍ണ്ണ നടത്തി കൊവിഡ് രോഗി. ബീഹാറിലെ പട്‌നയിലെ ദര്‍ബംഗ ആശുപത്രിയിലാണ് സംഭവം. പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ശൈലേന്ദ്ര സിന്‍ഹ എന്ന വ്യക്തിയാണ് വസ്ത്രമടങ്ങിയ ബാഗും പാത്രങ്ങളുമുള്‍പ്പെടെ എടുത്ത് ഡോക്ടറുടെ മുറിക്ക് മുന്നില്‍ കുത്തിയിരുപ്പ് ധര്‍ണ്ണ നടത്തുന്നത്. തനിക്ക് മുന്നില്‍ ഇത് അല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് ഇയാള്‍ പറയുന്നത്.

‘പത്ത് ദിവസമായി ഡോക്ടര്‍മാര്‍ ആരും തന്നെ ഇതുവരെ എന്നെ കാണാന്‍ വന്നിട്ടില്ല. എന്റെ അവസ്ഥ വളരെ മോശമാണ്. ഓക്‌സിജന്‍ സിലിണ്ടറില്‍ രണ്ട് ദിവസം മുമ്പ് വാതകം തീര്‍ന്നു പോയി. പകരം വെക്കാന്‍ ആവശ്യപ്പെട്ടിട്ടും ആരും തന്നെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അവര്‍ ആരും തന്നെ ഇതുവരെ എത്തിയിട്ടില്ല. പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഫോണിലൂടെ പോലും അവര്‍ നല്‍കിയിട്ടില്ല. ഇതേ വാര്‍ഡിലാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായ രണ്ട് പേര്‍ മരിച്ചത്’ എന്നാണ് ശൈലേന്ദ്ര സിന്‍ഹ പറയുന്നത്.

ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്ക് അര്‍ഹമായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബീഹാറില്‍ ഇതുവരെ 54508 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 312 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version