ചൈനയ്ക്ക് വീണ്ടും കൊട്ട്; ആപ്പ് നിരോധനത്തിന് പിന്നാലെ ടെലിവിഷന്‍ ഇറക്കുമതിക്കും നിയന്ത്രണം

ന്യൂഡല്‍ഹി: ചൈനയ്ക്ക് ഇന്ത്യയില്‍ നിന്നും വീണ്ടും തിരിച്ചടി. 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ടെലിവിഷന്‍ ഇറക്കുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രാദേശിക ഉല്‍പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമാണ് നടപടിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിദശദീകരണം.

കളര്‍ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഇറക്കുമതി നയഭേദഗതി വരുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച വിജ്ഞാപനം ഇറക്കി. കളര്‍ ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തില്‍നിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിയാണ് ഭേദഗതി.

ചൈനയില്‍നിന്നുള്ള ടെലിവിഷനുകളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഇനി ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസന്‍സ് ആവശ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ ചൈനയില്‍നിന്നുള്ള ടെലിവിഷനുകളുടെ പെരുപ്പം കുറയ്ക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം. 35 സെന്റീമീറ്റര്‍ മുതല്‍ 105 സെന്റീമീറ്റര്‍ വരെ വലിപ്പമുള്ള സ്‌ക്രീനുകളുള്ള ടെലിവിഷനുകള്‍ക്കാണ് നിയന്ത്രണം ബാധകം. 63 സെന്റീമീറ്റര്‍ താഴെ വലിപ്പമുള്ള എല്‍സിഡി ടെലിവിഷനുകള്‍ക്കും നിയന്ത്രണം ബാധകമാണ്.

ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതോടെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Exit mobile version