പിയുസി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക്, പക്ഷേ സ്മാര്‍ട്ട് ഫോണില്ലെന്ന് സങ്കടം; ഐ ഫോണ്‍ നല്‍കി തപ്‌സി പന്നു, താരത്തിന് അഭിനന്ദനം

ബംഗളൂരു: പിയുസി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിനിക്ക് ഐ ഫോണ്‍ വാങ്ങി നല്‍കി നടി തപ്‌സി പന്നു. കഴിഞ്ഞ ദിവസമാണ് പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് സ്മാര്‍ട്ട് ഫോണിനായി സഹായം അഭ്യര്‍ത്ഥിച്ചത്. പിന്നാലെ ഇവര്‍ക്ക് സഹായ പ്രവാഹമായിരുന്നു. അക്കൂട്ടത്തിലാണ് നടി തപ്‌സി പന്നുവിന്റെയും വാഗ്ദാനം.

എത്രയും പെട്ടെന്ന് ഫോണ്‍ നല്‍കാമെന്നായിരുന്നു തപ്‌സിയുടെ വാഗ്ദാനം. ‘കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഓരോ വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസം ലഭിക്കണം. നമുക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. നമ്മുടെ നാടിന് നല്ലൊരു നാളെയുണ്ടാകാന്‍ വേണ്ടിയുള്ള എന്റെ എളിയ ശ്രമങ്ങളിലൊന്നാണിത്.’ തപ്‌സി ട്വിറ്ററില്‍ കുറിച്ചു.

‘തപ്‌സി അയച്ച ഫോണ്‍ ലഭിച്ചു. ഇതൊരു ഐ ഫോണ്‍ ആണെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതുപോലെ ഒരെണ്ണം സ്വപ്നം കാണാന്‍ പോലും എനിക്ക് സാധിക്കില്ല. കഠിനമായി പരിശ്രമിച്ച് ഞാന്‍ നീറ്റ് പരീക്ഷ പാസ്സാകും. നിങ്ങളുടെ അനുഗ്രഹങ്ങള്‍ എനിക്കൊപ്പം ഉണ്ടാകണം.’ പെണ്‍കുട്ടിയും നന്ദി അറിയിച്ച് രംഗത്തെത്തി. ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയും സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റുമാണ് മൂന്ന് പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം ഇവരുടെ അച്ഛന്‍ നല്‍കിയത്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പെണ്‍കുട്ടി.

Exit mobile version