റിയ തന്റെ കുറ്റകൃത്യത്തിന് തുടക്കമിട്ടത് അന്നുമുതൽ; സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തി; കൃഷിയിലേക്ക് തിരിയുമെന്ന് പറഞ്ഞതോടെ വിട്ടുപോയി: അഭിഭാഷകൻ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ കാമുകിയായിരുന്ന റിയ ചക്രബർത്തിക്ക് എതിരെ ആരോപണവുമായി നടന്റെ പിതാവ് കെകെ സിങിന്റെ അഭിഭാഷകൻ വികാസ് സിങ്. കെകെ സിങ്ങിന് വേണ്ടി കേസേറ്റെടുത്ത മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ വികാസ് സിങ്ങാണ് ഇപ്പോൾ റിയക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ മുംബൈ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തിയത് റിയ ആണെന്നാണ് അഭിഭാഷകന്റെ പ്രധാന ആരോപണം.

”സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പ്രശ്‌നമുള്ള അഞ്ച് പ്രൊഡക്ഷൻ കമ്പനികളുടെ പേര് പറയാനാണ് മുംബൈ പോലീസ് പറഞ്ഞത്. ഞങ്ങളുടെ പക്കൽ അതിന് തെളിവില്ലാത്തടത്തോളം കാലം അത് പറയാൻ സാധിക്കില്ല. പരോക്ഷമായി അവർക്ക് എന്തെങ്കിലും പങ്കുണ്ടായിരിക്കാം. എന്നാൽ വലിയ പ്രൊഡക്ഷൻ കമ്പനികൾക്ക് പിന്നാലെ സഞ്ചരിച്ച് റിയയുടെ പേര് എല്ലാവരും മറന്നു. പോലീസ് അന്വേഷണം വേറെ വഴിക്ക് തിരിച്ച് വിടുന്നതിനാൽ കേസൊരിക്കലും അവസാനിക്കാൻ പോകുന്നില്ല. കുടുംബത്തിന് സുശാന്തുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്ന സാഹചര്യം മുതലാണ് റിയ തന്റെ കുറ്റകൃത്യത്തിന് തുടക്കമിടുന്നത്”- വികാസ് സിങ് ആരോപിക്കുന്നു.

സുശാന്തും പിതാവും തമ്മിൽ സംസാരിക്കുന്നത് തടയാൻ റിയ സാഹചര്യമൊരുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, സുശാന്തിന്റെ സൗഹൃദ വലയം മോശമാണെന്ന വിവരം ഫെബ്രുവരി 25 ന് അദ്ദേഹത്തിന്റെ കുടുംബം ബാന്ദ്ര പോലീസിൽ അറിയിച്ചിരുന്നുവെന്നും അഭിഭാഷകൻ അവകാശപ്പെടുന്നുണ്ട്.

സുശാന്തിന്റെ ജോലിക്കാരെയും ബോഡിഗാർഡുകളെയും റിയ മാറ്റി. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണമെടുത്തു, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു. സുശാന്തിനെ പല ഡോക്ടർമാരുടെയും അടുത്തേക്ക് കൊണ്ടുപോയി. കുടുംബത്തെ ഇതിലൊന്നും ഇടപെടുത്തിയില്ല. സുശാന്ത് കഴിക്കുന്ന മരുന്നുകളെല്ലാം റിയയുടെ നിയന്ത്രണത്തിലായി. സുശാന്ത് ജൈവപച്ചകൃഷി ചെയ്യണമെന്നും കൂർഗിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞതിന്റെ പേരിലായിരുന്നു റിയ അദ്ദേഹത്തെ വിട്ടു പോയത്. സ്‌നേഹമുണ്ടായിരുന്നുവെങ്കിൽ അത്തരമൊരു മാനസികാവസ്ഥയിൽ അയാളെ പിരിയുമോ?” ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ വികാസ് സിങ് ചോദിക്കുന്നു.

Exit mobile version