വനിതാ ഡോക്ടറുടെ മുഖത്ത് തുപ്പി കൊവിഡ് സെന്ററിലെ രോഗികള്‍; മുഖത്ത് തുപ്പിയതിനു പുറമെ, കൈയ്യേറ്റവും

അഗര്‍ത്തല: വനിതാ ഡോക്ടറുടെ മുഖത്തേയ്ക്ക് തുപ്പിയും കൈയ്യേറ്റം ചെയ്തും വെസ്റ്റ് ത്രിപുരയിലെ കൊവിഡ് സെന്ററിലെ ഒരു കൂട്ടം കൊവിഡ് രോഗികള്‍. കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്. വെസ്റ്റ് ത്രിപുര ജില്ല നിരീക്ഷണ ഓഫീസര്‍ ഡോ സംഗീത ചക്രവര്‍ത്തിയാണ് കൊവിഡ് രോഗികളാല്‍ ആക്രമിക്കപ്പെട്ടത്.

നവജാതശിശുക്കളുള്‍പ്പെടെയുള്ള അഞ്ച് സ്ത്രീകളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രോഗികളെല്ലാം ചേര്‍ന്ന് പ്രതിഷേധിച്ചതെന്ന് പോലീസ് പറയുന്ന. സെന്ററിലെ മറ്റ് ഡോക്ടേഴ്‌സ് രോഗികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഡോ. സംഗീതയുടെ ദേഹത്ത് തുപ്പുകയും കൊവിഡ് വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമം നടത്തിയ രണ്ടുപേരെ തിരിച്ചറിയാന്‍ സാധിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട രോഗികള്‍ സുഖം പ്രാപിക്കുന്നത് കാത്തിരിക്കുകയാണെന്നും അതിന് ശേഷം നടപടി എടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version