സോഷ്യൽമീഡിയയിലൂടെ അതിരുകടന്ന് അധിക്ഷേപം; ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് നടി വിജയലക്ഷ്മി; ഞെട്ടൽ

ചെന്നൈ: സോഷ്യൽമീഡിയയിലൂടെയുള്ള അധിക്ഏഷപം സഹിക്കാനാകാതെ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് തമിഴ്‌നടി വിജയ ലക്ഷ്മി. അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് തന്റെ അവസാന വീഡിയോ ആണെന്നും ജീവനൊടുക്കുകയാണെന്ന് അറിയിച്ചും ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച ശേഷമായിരുന്നു വിജയലക്ഷ്മിയുടെ ആത്മഹത്യാ ശ്രമം.

നടിെ കുറിച്ച് ചിലർ അപകീർത്തികരമായ പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി നടത്തി വരികയായിരുന്നെന്നാണ് വിവരം. നാം തമിഴർ പാർട്ടി നേതാവ് സീമാനും അനുയായി ഹരി നാടാർ എന്നിവരാണ് വിജയലക്ഷ്മിക്കെതിരെ വ്യാപകമായി അധിക്ഷേപം ചൊരിഞ്ഞിരുന്നത്. ഇതേതുടർന്ന് നടി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു.

തന്നെക്കുറിച്ച് ഹരിനാടാർ അപകീർത്തികരമായ പ്രചരണങ്ങൾ നടത്തിയിരുന്നുവെന്ന് വിജയലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. ഈ സമ്മർദ്ദങ്ങൾക്കിടയിലും തനിക്ക് ജീവിക്കാനുള്ള പ്രചോദനം തന്റെ അമ്മയും സഹോദരിയുമായിരുന്നുവെന്നും പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ തന്റെ നേർക്കുള്ള ആക്രമണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും വിജയലക്ഷ്മി പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ അമ്മയെയും സഹോദരിയെയും നോക്കണമെന്നും സീമനെയോ പരി നാടാരെയോ ജാമ്യമെടുക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്. അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദേവദൂതനിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് വിജയലക്ഷ്മി. ഫ്രണ്ട്‌സ്, ബോസ് എങ്കിറാ ഭാസ്‌കർ, മീസയാ മുറുക്ക് എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

(ശ്രദ്ധിക്കൂ: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, സമ്മർദ്ദങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056

Exit mobile version