കൊവിഡ് പോസിറ്റീവായ പിതാവിനെ പരിചരിച്ചു തനിക്കും മാനേജർക്കും രോഗ ലക്ഷണങ്ങളുണ്ടായി; രക്ഷിച്ചത് ആയുർവേദമെന്ന് നടൻ വിശാൽ; വ്യക്തമാക്കൂ കൊവിഡ് ബാധിച്ചോ? ഏതു മരുന്നാണ് കഴിച്ചതെന്ന് സോഷ്യൽമീഡിയ

ചെന്നൈ: കൊവിഡ് 19 രോഗം ബാധിച്ചെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി സോഷ്യൽമീഡിയ പോസ്റ്റുമായി നടൻ വിശാൽ. തന്റെ പിതാവിന് കൊവിഡ് ബാധിച്ചെന്നു പറഞ്ഞ വിശാൽ തനിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, കൊവിഡ് പരിശോധന നടത്തിയതായോ രോഗം സ്ഥിരീകരിച്ചതായോ വിശാൽ വ്യക്തമാക്കുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. കൊവിഡ് രോഗം ബാധിച്ചോ എന്ന് വിശാൽ വിശദമാക്കണമെന്നാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ ആവശ്യം.

തന്റെ പിതാവിന് പോസിറ്റീവ് ആയെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് വിശാൽ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

”അതെ സത്യമാണ്, എന്റെ പിതാവിന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ വലിയ സന്തോഷമുണ്ട്”-വിശാൽ പറയുന്നു.

എന്നാൽ, വിശാലിന്റെ പോസ്റ്റിൽ കൊവിഡെന്ന് എവിടെയും സൂചിപ്പിക്കാത്തതിനാൽ ആശയകുഴപ്പമുണ്ടാക്കുന്നുവെന്നാണ് പലരും പറയുന്നത്. ആയുർവേദ മരുന്നുകൊണ്ട് രോഗം മാറിയെങ്കിൽ രോഗത്തിന്റെ പേരു വെളിപ്പെടുത്തണമെന്നും താങ്കൾക്ക് കൊവിഡ് ബാധിച്ചോയെന്നും വ്യക്തമാക്കണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്. നടി കസ്തൂരിയും ഏതു മരുന്നാണ് താങ്കളെ രക്ഷിച്ചതെന്ന് വ്യക്തമാക്കൂവെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കൊവിഡിന് എതിരായി ഫലപ്രദമായ മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ആയുർവേദ മരുന്നുകൊണ്ട് കൊറോണ വൈറസിനെ ചെറുക്കാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമില്ല.

Exit mobile version