കൊവാക്സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു; ആദ്യമായി പരീക്ഷിച്ചത് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന 30കാരന്

Covid vaccine | Bignewslive

ന്യൂഡല്‍ഹി: ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ പോരാടാന്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന 30കാരനാണ് ആദ്യമായി മരുന്ന് പരീക്ഷണം നടത്തിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും.

വാക്സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. 5 പേരെയാണ് വാക്സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. 3500 ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ആഗസ്റ്റ് 15 ന് വാക്സിന്‍ പുറത്തിറക്കുമെന്നാണ് ഐസിഎംആര്‍ പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കൊവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐസിഎംആര്‍ നടത്തുന്നത്.

എയിംസിലുള്‍പ്പെടെ രാജ്യത്തെ 12 സ്ഥലങ്ങളിലാണ് വാക്‌സിന്റെ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം നടക്കുക. ആദ്യഘട്ടത്തില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത 18 മുതല്‍ 55 വയസുവരെയുള്ള 375 സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണം. ഇവരില്‍ 100 പേരെ പരീക്ഷണത്തിനായി നിയോഗിക്കുന്നത് എയിംസിലേക്കായിരിക്കും.

Exit mobile version