‘കൊറോണയെ തടയാൻ ഭാഭിജി പപ്പടം’; വ്യാജ അവകാശവാദവുമായി പപ്പടം പുറത്തിറക്കി കേന്ദ്രമന്ത്രി; പ്രതിരോധത്തിന് തുരങ്കം വെയ്ക്കുന്ന കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം

ന്യൂഡൽഹി: കൊവിഡിനെ തടയുന്ന പപ്പടമെന്ന വ്യാജ അവകാശവാദവുമായി പപ്പടം പുറത്തിറക്കി കൊറോണ പ്രതിരോധത്തിന് തുരങ്കം വെച്ച് കേന്ദ്രമന്ത്രി തന്നെ രംഗത്ത്. ജനങ്ങളെ തെറ്റിധരിപ്പിച്ച് കേന്ദ്രമന്ത്രി അർജുൻ രാം മേഘ്‌വാളാണ് ഇത്തരമൊരു പപ്പടം വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നത്. ‘ഭാഭിജി’ പപ്പടം എന്നാണ് കേന്ദ്രമന്ത്രി വിപണിയിലിറക്കിയ പപ്പടത്തിന് പേര്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആത്മനിർഭർ ഭാരത് പ്രചാരണത്തിന്റെ ഭാഗമായാണ് തുടർന്നാണ് കൊറോണയെ തടയാൻ ശേഷിയുള്ളതെന്ന അവകാശവാദവുമായി പപ്പടം പുറത്തിറക്കിയിരിക്കുന്നത്.

ഈ പപ്പടത്തിൽ കൊറോണ വൈറസിനെ എതിരിടാനുള്ള ആന്റിബോഡികൾ ഉണ്ടെന്നും മന്ത്രി അവകാശപ്പെടുന്നു. ഇത്തരമൊരു സംരംഭം ആരംഭിച്ചതിന് പപ്പട നിർമ്മാതാക്കളെ മന്ത്രി വീഡിയോയിൽ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

രാജസ്ഥാനിലെ ബികാനിർ എന്ന സ്ഥലത്തുനിന്നുള്ള ആളാണ് പപ്പടം നിർമിച്ചത്. മന്ത്രി അർജുൻ രാം മേഘ്‌വാൾ ബികാനിർ ലോക്‌സഭ മണ്ഡലത്തിലെ പ്രതിനിധിയാണ്. പപ്പടത്തിൽ ആയുർവേദ ഔഷധമായ ചിറ്റമൃതിന്റെ ഭാഗങ്ങൾ ചേർത്തിട്ടുണ്ടെന്നാണ് പപ്പടനിർമ്മാതാവ് അവകാശപ്പെടുന്നത്. പനി, വൃക്കരോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് ചിറ്റമൃത്. അതേസമയം, രാജ്യം മഹാമാരിയെ പ്രതിരോധിക്കാൻ പരിശ്രമിക്കുന്നതിനിടെ വ്യാജപ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കേന്ദ്രമന്ത്രിക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version