കൊവിഡ് 19; കര്‍ണാടകയില്‍ ഓഗസ്റ്റില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷമാകുമെന്ന് വിദഗ്ധര്‍

ബംഗളൂരു: കര്‍ണാടകയില്‍ ഓഗസ്റ്റില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷമാകുമെന്ന് വിദഗ്ധര്‍. ഓഗസ്റ്റ് 23 ആകുമ്പോഴേക്ക് സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 5.06 ലക്ഷം ആകുമെന്നും 8987 മരണം റിപ്പോര്‍ട്ട് ചെയ്യുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ സമയത്ത് രാജ്യത്തെ കോവിഡ് രോഗികളുടെ 20 ശതമാനം കര്‍ണാടകത്തില്‍നിന്നാകുമെന്നും വിദഗ്ധര്‍ പറഞ്ഞു. ഇന്ത്യ, യുകെ, യുഎസ്, ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ, ഐടി രംഗങ്ങളിലെ വിദഗ്ധസംഘമാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.

അതേസമയം കര്‍ണാടകയില്‍ മൂന്നാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ വൈറസ് ബാധിതരുടെ എണ്ണം 5.06 ലക്ഷത്തില്‍നിന്ന് 4.09 ലക്ഷമായി കുറയ്ക്കാന്‍ സാധിക്കുമെന്നും മരണസംഖ്യ 8987ല്‍ നിന്ന് 7260 ആയി കുറയ്ക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ അറിയിച്ചു. കൊവിഡ് ഏറ്റവും രൂക്ഷമാവുന്നത് ഒക്ടോബറിലായിരിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. ഡിസംബറോടെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുമെന്നും ഡിസംബര്‍ അവസാനത്തോടെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം മൂന്നായും ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 574 ആയും കുറയുമെന്നും ഈസമയമാകുമ്പോഴേക്ക് കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം 18,88,161 ആകുമെന്നും മരണസംഖ്യ 21,946 ആകുമെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കിയത്.

അതേസമയം കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 63772 ആയി ഉയര്‍ന്നു. 91 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 1331 ആയി ഉയര്‍ന്നു.

Exit mobile version