സ്‌കൂളില്‍ നിന്ന് പടിയിറങ്ങി മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം യൂണിഫോമണിഞ്ഞ് വീണ്ടും വിദ്യാര്‍ത്ഥിയായി എത്തി, സഹപാഠികള്‍ വിളിക്കുന്നത് അമ്മേയെന്ന്, ഒടുവില്‍ പ്ലസ് ടു പരീക്ഷയില്‍ മിന്നും വിജയം നേടി അമ്പതുവയസ്സുകാരി

ഷില്ലോങ്: പഠിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ലാകിന്റ്യൂ സീമ്ലി എന്ന വനിത. അമ്പതാംവയസ്സില്‍ പ്ലസ് ടു പരീക്ഷയെഴുതി വിജയം നേടിയ ലാകിന്റ്യൂ സീമ്ലി ഈ പ്രായത്തില്‍ ഇനിയെങ്ങനെ പഠിക്കാനാ, എന്ന് വിചാരിക്കുന്നവര്‍ക്ക് മാതൃകയാണ്.

മേഘാലയയിലെ ഒരു കുഗ്രാമത്തിലാണ് ലാകിന്റ്യൂ സീമ്ലി താമസിക്കുന്നത്. ഖാസി ഭാഷയെ ഇഷ്ടപ്പെട്ടിരുന്ന താന്‍ ധാരാളം കവിതകള്‍ എഴുതിയിരുന്നുവെന്നും എന്നാല്‍ കണക്കും ശാസ്ത്രവും വഴങ്ങില്ലെന്നു തോന്നിയതോടെ പഠനം ഉപേക്ഷിക്കുകയായിരുന്നെന്നും ലാകിന്റ്യൂ പറയുന്നു.

2008ല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മക്കളുടെ പരിപാലനവും വീടുനോക്കി നടത്തലും ലാകിന്റ്യൂവിന്റെ ചുമലിലായി. അങ്ങനെയാണ് നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഖാസി ഭാഷ പഠിപ്പിച്ചു തുടങ്ങുന്നത്. പക്ഷേ അപ്പോഴും തന്റെ പഠനം പൂര്‍ത്തിയാക്കുക എന്നത് സ്വപ്നമായി മനസ്സില്‍ അവശേഷിച്ചിരുന്നു.

സ്വപ്‌നം കൈവിടാന്‍ അവര്‍ തയ്യാറായിരുന്നുമില്ല. അങ്ങനെ കഴിഞ്ഞ വര്‍ഷം അധ്യാപന ജോലിയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്താണ് ലാകിന്റ്യൂ സീമ്ലി പഠനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. തെല്ലും മടിയില്ലാതെ സ്‌കൂള്‍ യൂണിഫോമണിഞ്ഞ് വീണ്ടും പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു.

പഠിക്കാനായി വീണ്ടും യൂണിഫോമുമണിഞ്ഞ് വിദ്യാലയത്തിലെത്തിയ ലാകിന്റ്യൂ സീമ്ലി എല്ലാവര്‍ക്കും അതിശയമായിരുന്നു. തന്റെ സഹപാഠികള്‍ തന്നേക്കാള്‍ മുപ്പതു വയസ്സെങ്കിലും ഇളപ്പമുള്ളവരാണെന്നു പറയുന്നു ലാകിന്റ്യൂ. പലരും അമ്മ എന്നു തന്നെയാണ് വിളിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളില്‍ നിന്ന് പടിയിറങ്ങി മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വിദ്യാര്‍ത്ഥിയായി എത്തി ലാകിന്റ്യൂ സീമ്ലി പ്ലസ്ടു പരീക്ഷയില്‍ നല്ല മാര്‍ക്കോടെ പാസായി. പരീക്ഷാഫലം വന്നതോടെ മക്കളും ഏറെ സന്തോഷത്തിലാണെന്നു പറയുന്നു ലാകിന്റ്യൂ. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമാര്‍ന്ന ദിവസമാണിത്. ഇനി ബിരുദവും ബിരുനാദന്തര ബിരുദവുമൊക്കെ ചെയ്യണമെന്നതാണ് സ്വപ്നമെന്നും ലാകിന്റ്യൂ പറഞ്ഞു.

Exit mobile version