കവി വരവരറാവുവിന് കോവിഡ്, ആശുപത്രിയിലേയ്ക്ക് മാറ്റിയ വിവരം അറിയിച്ചില്ലെന്ന് മകള്‍

ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ആയിരങ്ങള്‍ക്കാണ് ദിനംപ്രതി വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. തെലുങ്ക് കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ പരിശോധനാഫലം പുറത്തുവന്നത്.

നാഡീസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധനയും നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനാഫലം വന്നതോടെ അദ്ദേഹത്തിന് വൈറസ് ബാധ സ്ഥരീകരിക്കുകയായിരുന്നു.

നിലവില്‍ 81 വയസ്സുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും ജെജെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തെ ഉടന്‍ കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു.

ഭീമ കോരേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ കാത്ത് രണ്ടുവര്‍ഷമായി വരവര റാവു തലോജ സെന്‍ട്രല്‍ ജയിലിലാണ്. വരവരറാവുവിനെ ജയിലില്‍നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയത് കുടുംബത്തെ അറിയിച്ചില്ലെന്ന് അദ്ദേഹത്തിന്റെ മകള്‍ പാവന ആരോപിച്ചിരുന്നു.

നാഡീസംബന്ധമായ അസുഖങ്ങള്‍ മൂലം അദ്ദേഹം മോശം സ്ഥിതിയിലായിരുന്നെന്നും ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Exit mobile version