കെമിസ്ട്രിക്ക് ലഭിച്ചത് വെറും 24 മാര്‍ക്ക്, പാസ് മാര്‍ക്കിനേക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍, പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കല്ല മറിച്ച് നിശ്ചയദാര്‍ഢ്യമാണ് ജീവിത വിജയമെന്ന് ഉറക്കെ പറഞ്ഞ് ഒരു ഐഎഎസുകാരന്‍

അഹമ്മദാബാദ്: മറ്റുള്ളവര്‍ക്ക് പ്രചോദമാകുന്ന രീതിയിലുള്ള നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്ക് പൊതുവേ വായനക്കാരും ഏറെയാണ്. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇന്ന് വൈറലാവുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ്.

പരീക്ഷകള്‍ക്ക് ലഭിക്കുന്ന മാര്‍ക്കല്ല മറിച്ച് നിശ്ചയദാര്‍ഢ്യമാണ് ജീവിത വിജയത്തിന് പിന്നിലെന്ന് തെളിയിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഡപ്യൂട്ടി മുന്‍സിപ്പല്‍ കമ്മീഷണറായ നിതിന്‍ സാങ്വാനാണ് ഇക്കാര്യം പറഞ്ഞത്.

തന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പങ്കുവെച്ചുകൊണ്ടായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റ്. ഈ പരീക്ഷയില്‍ ഇദ്ദേഹത്തിന് കെമിസ്ട്രി പേപ്പറിന് ലഭിച്ചത് വെറും 24 മാര്‍ക്ക്. പാസ് മാര്‍ക്കിനേക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍. ജീവിതത്തില്‍ എന്താകണമെന്ന തന്റെ ആഗ്രഹത്തെ നിര്‍ണയിച്ചത് ഈ മാര്‍ക്കല്ലെന്ന് നിതിന്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് നിതിന്റെ വാക്കുകള്‍. ജീവിതമെന്നത് ബോര്‍ഡ് എക്‌സാം അല്ലെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറയുന്നു. പരീക്ഷാഫലത്തിലൂടെ ആത്മപരിശോധനയാണ് നടത്തേണ്ടത്, വിമര്‍ശനമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

2002 ബാച്ചിലെ മാര്‍ക്ക് ലിസ്റ്റാണ് നിതിന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. കെമിസ്ട്രി പേപ്പറില്‍ മാര്‍ക്ക് കുറഞ്ഞെങ്കിലും മദ്രാസ് ഐഐടിയിലാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. 2015 ലെ ഐഎഎസ് പരീക്ഷയില്‍ 28-ാം റാങ്ക് നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം.

Exit mobile version