രോഗികള്‍ വര്‍ധിക്കുന്നു: സ്‌കൂളുകളും അക്കാദമികളും ലോഡ്ജുകളും കോവിഡ് ആശുപത്രികളാക്കി മാറ്റി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍
സ്‌റ്റേഡിയങ്ങളും സ്‌കൂളുകളും അക്കാദമികളും ലോഡ്ജുകളും കോവിഡ് ആശുപത്രികളാക്കി മാറ്റി മമത സര്‍ക്കാര്‍. സംസ്ഥാനത്ത് 80 ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി തയാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് വര്‍ധിപ്പിക്കുമെന്നും പശ്ചിമ ബംഗാള്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ വെബ്‌സെറ്റില്‍ പറയുന്നു.

സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ക്കായി 10,840 കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്നും ശനിയാഴ്ച (ജൂലൈ 11) വരെ ഇതില്‍ 7929 കിടക്കകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും
സര്‍ക്കാര്‍ പറയുന്നു. വിവിധ സ്‌റ്റേഡിയങ്ങളിലും ലോഡ്ജുകളിലും സ്‌കൂളുകളിലും രാത്രികാല പാര്‍പ്പിട കേന്ദ്രങ്ങളിലുമായാണ് 730ഓളം കിടക്കകള്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 673 കിടക്കകളും ജൂലൈ 11 വരെയുള്ള രോഗബാധിതരുടെ പട്ടികയനുസരിച്ച് ഒഴിഞ്ഞു കിടക്കുകയാണ്.

ജല്‍പൈഗുരിയിലെ ബിശ്വ ബംഗ്ല കൃരംഗന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് 200 കിടക്കകളുള്ള ആശുപത്രിയായി മാറ്റിരിക്കുകയാണ്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇവിടെ 177 കിടക്കകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സൗത്ത് 24 പര്‍ഗാനയിലെ ജില്ല സ്‌റ്റേഡിയം 55 കിടക്കകളുള്ള കോവിഡ് ആശുപത്രിയായും വടക്കന്‍ ദിനാജ്പൂരിലെ ഇസ്‌ലാംപൂര്‍ ഉര്‍ദു അക്കാദമി 100 കിടക്കകളുള്ള ആശുപത്രിയായും മാറ്റി.

ഝാര്‍ഗ്രാം രാത്രികാല പാര്‍പ്പിട കേന്ദ്രം 75 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണിപ്പോള്‍. ഇവിടെ നിലവില്‍ രോഗികളില്ല. മാല്‍ഡയിലെ മണിചക് മോഡല്‍ സ്‌കൂള്‍ 50 കിടക്കകളുള്ള ആശുപത്രിയാണ്. പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍ സ്‌റ്റേഡിയം കൊല്‍ക്കത്തയിലെ പൊലീസുകാര്‍ക്കുള്ള താല്‍ക്കാലിക ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയിരുന്നു.

കോവിഡ് രോഗികള്‍ക്കായി ഒരുക്കിയ കിടക്കകള്‍ക്കൊപ്പം ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിന് സമയമെടുക്കുമെന്ന് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോവിഡ്19 ഒരുക്കങ്ങള്‍ ഇപ്പോള്‍ തൃപ്തികരമായ നിലയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച വരെ പശ്ചിമ ബംഗാളില്‍ 29,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 906 പേര്‍ മരണത്തിന് കീഴടങ്ങി. രോഗമുക്തി നേടുന്നവരുടെ നിരക്ക് ജൂലൈ അഞ്ചിലെ 66.48 ശതമാനത്തില്‍ നിന്ന് ജൂലൈ 11 എത്തുമ്പോള്‍ 63.13 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

Exit mobile version