ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങള്‍, വിവരം മറച്ചുവെച്ച് ഡോക്ടര്‍ ജോലിക്കാരിയുടെ പേരില്‍ സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു, ഒടുവില്‍ കള്ളത്തരം പൊളിഞ്ഞതോടെ ക്വാറന്റീനിലായത് 33 സര്‍ക്കാരുദ്യോഗസ്ഥര്‍, നിരവധി പേര്‍ക്ക് രോഗം

ഭോപ്പാല്‍: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിനിടെ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിള്‍ ജോലിക്കാരിയുടേതെന്ന് രേഖപ്പെടുത്തി പരിശോധനയ്ക്കയച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

മധ്യപ്രദേശ് സിംഗ്രോളിയിലാണ് സംഭവം. സര്‍ക്കാര്‍ ഡോക്ടര്‍ അഭയ് രഞ്ജന്‍ സിങ്ങിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സിംഗ്രോളിയിലെ ആരോഗ്യകേന്ദ്രത്തില്‍ പോസ്റ്റിങ് ലഭിച്ച ഡോക്ടര്‍ അഭയ് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജൂണ്‍ 23 ന് പോയി.

വിവാഹത്തില്‍ പങ്കെടുക്കാന്‍ അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് അധികൃതരെ അറിയിക്കാതെയായിരുന്നു പോയത്. കുടുംബസമേതമായിരുന്നു യാത്ര. പിന്നീട് ജൂലായ് ഒന്നിന് മടങ്ങിയെത്തിയ ഇദ്ദേഹം ക്വാറന്റീനില്‍ കഴിയാതെ ജോലിയില്‍ തിരികെ പ്രവേശിച്ചു.

അതിനിടെയാണ് ഭാര്യക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായത്. വിവരം പുറത്തറിയിക്കാതെ ഡോക്ടര്‍ ഭാര്യയുടെ സ്രവസാംപിള്‍ ശേഖരിച്ച് ജോലിക്കാരിയുടേതെന്ന പേരില്‍ പരിശോധനയ്ക്കയക്കുകയായിരുന്നു. സാംപിള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ജോലിക്കാരിയുടെ വീട്ടില്‍ അധികൃതരെത്തി.

ഇതോടെയാണ് ഡോക്ടറുടെ കള്ളത്തരം പുറത്തായത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഡോ.അഭയയും മറ്റു രണ്ട് കുടുംബാംഗങ്ങളും കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഒരു സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റുള്‍പ്പെടെ 33 സര്‍ക്കാരുദ്യോഗസ്ഥര്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്.

ഡോക്ടര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും കോവിഡ് ഭേദമായി മടങ്ങിയെത്തിയാലുടനെ എപിഡെമിക് ആക്ട് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് ആനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version