കൊവിഡ് പ്രതിരോധത്തില്‍ ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന

മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് പടരാതിരിക്കാനും വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി മാതൃക തെളിയിച്ചുവെന്നാണ് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമാണ് ധാരാവി. ഏപ്രില്‍ ഒന്നാം തീയതി ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്നുമുതല്‍ ഇന്നുവരെ സംശയാസ്പദമായ 50,000ത്തിലധികം വീടുകളിലാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധനകള്‍ നടത്തിയിട്ടുള്ളത്.

ചേരിയിലെ താമസക്കാരായ ഏഴു ലക്ഷത്തോളം പേരെ ചേരിയുടെ പലഭാഗങ്ങളിലായി സെറ്റപ്പ് ചെയ്തിട്ടുള്ള ഫീവര്‍ ക്ലിനിക്കുകളിലൂടെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കി. സ്‌ക്രീനിങ്ങില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ അപ്പപ്പോള്‍ അടുത്തുള്ള സ്‌കൂളുകളിലേക്കും സ്‌പോര്‍ട്‌സ് ക്ലബ്ബ്കളിലേക്കും സ്‌ക്രീനിങ്ങിന് പറഞ്ഞയക്കുകയും ക്വാറന്റൈനിലാക്കുകയും ചെയ്തു. ഇത്തരം നടപടികളുടെയാണ് ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചത്. ജൂണില്‍ ഹോട്ട്‌സ്‌പോട്ട് ആയിരുന്ന മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതോടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്.

അതേസമയം ധാരാവിക്ക് പുറമേ തെക്കന്‍ കൊറിയ, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.

Exit mobile version