മൈസൂര്‍ പാക് കഴിച്ചാല്‍ കോവിഡ് മാറും: ബേക്കറി പൂട്ടി സീല്‍ ചെയ്തു

കോയമ്പത്തൂര്‍: മൈസൂര്‍ പാക് കഴിച്ചാല്‍ കോവിഡ് മാറുമെന്ന് പ്രചാരണം, ബേക്കറി പൂട്ടിച്ചു. കോയമ്പത്തൂരിലെ നെല്ലായ് ലാ സ്വീറ്റ് ബേക്കറിയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്. ഹെര്‍ബല്‍ മൈസൂര്‍ പാക് കഴിച്ചാല്‍ കോവിഡ് മാറുമെന്നായിരുന്നു ബേക്കറിക്കടയുടെ പരസ്യം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കോവിഡ് രോഗികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും വിതരണം ചെയ്യാറുണ്ടെന്നും അത് ഫലപ്രദമായിരുന്നു എന്നായിരുന്നു കടയുടമയുടെ അവകാശവാദം.

തന്റെ മുത്തച്ഛന്‍ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം പനിക്ക് ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത് അത്തരം പനികള്‍ ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് പടരാറുണ്ടായിരുന്നു. ശ്വാസം മുട്ടും അനുഭവപ്പെടും. അത് ലേഹ്യമായി വില്‍ക്കാന്‍ പ്രത്യേകം ലൈസന്‍സ് ആവശ്യമായതിനാല്‍ ഞങ്ങള്‍ അത് പലഹാരത്തില്‍ പ്രയോഗിച്ചു. 50 പ്രമേഹ രോഗികള്‍ക്കും താന്‍ ഈ പലഹാരം നല്‍കിയിട്ടുണ്ടെന്നും ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് കടയുടമയുടെ വിശദീകരണം.

ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലേയും ഉദ്യോഗസ്ഥര്‍ കടയിലെത്തി പരിശോധന നടത്തി. കട സീല്‍ ചെയ്തതായും കടയുടമ അവകാശപ്പെടുന്ന ഔഷധ മൈസൂര്‍ പാക്കും അത് നിര്‍മിക്കാനുപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.

Exit mobile version