‘പ്രസംഗം മാത്രമാണ് യോഗിയുടേത്, ഭാഷ മോഡിയുടേതാണ്’ ‘മുഖ്യമന്ത്രി’ പദവിയുടെ മാന്യത യോഗി നിലനിര്‍ത്തണം; ഭീഷണിക്ക് മറുപടിയുമായി ഉവൈസി

ഇന്ത്യ തന്റെ പിതാവിന്റെ രാജ്യമാണെന്നും ഇവിടെ നിന്നും തന്നെ ഓടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമാണ് ഉവൈസി പറഞ്ഞത്.

ന്യൂഡല്‍ഹി: ബിജെപി തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയ്ക്ക് തെലങ്കാനയില്‍ നിന്ന് ഓടേണ്ടി വരുമെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഉവൈസി. ഇന്ത്യ തന്റെ പിതാവിന്റെ രാജ്യമാണെന്നും ഇവിടെ നിന്നും തന്നെ ഓടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമാണ് ഉവൈസി പറഞ്ഞത്.

‘പ്രവാചകന്‍ ആദം സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നപ്പോള്‍ അദ്ദേഹം ഇന്ത്യയിലേക്ക് വന്നു എന്നാണ് എന്റെ മതവിശ്വാസം. ഇന്ത്യ എന്റെ പിതാവിന്റെ രാഷ്ട്രമാണ്. ഇവിടെ നിന്നും എന്നെ ഓടിക്കാന്‍ ആര്‍ക്കും കഴിയില്ല.’ ഞായറാഴ്ച രാത്രി ഒരു തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നിസാം ഹൈദരാബാദില്‍ നിന്നും ഓടിയെന്ന യോഗിയുടെ പരാമര്‍ശത്തിനെതിരെയും ഉവൈസി രംഗത്തുവന്നു. യുപി മുഖ്യമന്ത്രിക്ക് ചരിത്രം അറിയില്ല. അതുകൊണ്ടാണ് അദ്ദേഹം നിസാം പലായനം ചെയ്തെന്നു പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഹൈദരാബാദില്‍ നിന്നും പലായനം ചെയ്തിട്ടില്ല. അദ്ദേഹത്തെ രാജ്പ്രമുഖ് ആക്കി. ചൈനയുമായി യുദ്ധമുണ്ടായപ്പോള്‍ അദ്ദേഹം അദ്ദേഹത്തിന്റെ സ്വര്‍ണം ഇന്ത്യയ്ക്കു വാഗ്ദാനം നല്‍കി’ ഉവൈസി പറഞ്ഞു.

ഇത്തരം ഭീഷണികള്‍ക്കുമുമ്പില്‍ ഭയക്കുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് യോഗിയുടെ പ്രസംഗം മാത്രമാണ്. അതിന്റെ ഭാഷയും മാനസികാവസ്ഥയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേതാണ്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗി മുഖ്യമന്ത്രിയെപ്പോലെ സംസാരിക്കണമെന്നും മുഖ്യമന്ത്രി പദവിയുടെ മാന്യത നിലനിര്‍ത്തണമെന്നും ഉവൈസി പറഞ്ഞു. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവേയായിരുന്നു ഉവൈസിയ്ക്ക് നാടുവിട്ടോടേണ്ടി വരുമെന്ന് യോഗി പറഞ്ഞത്.

Exit mobile version