ഒഡീഷയിലെ ബിജെപി എംഎല്‍എ സുകന്ദ കുമാര്‍ നായകിന് കൊവിഡ് സ്ഥിരീകരിച്ചു

ഒഡീഷ: ഒഡീഷയിലെ ബിജെപി എംഎല്‍എ സുകന്ദ കുമാര്‍ നായകിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എയെ ബാലസ്സോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിഐയോട് ഫോണ്‍ വഴിയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം എംഎല്‍എ അറിയിച്ചത്.

എംഎല്‍എ തന്റെ നിയോജക മണ്ഡലമായ നീല്‍ഗിരിയിലെ നിരവധി സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വനിതാ സ്വയംസഹായ സംഘത്തിന്റെ സമ്മേളനത്തിലും ഛത്താര്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. അതേസമയം എംഎല്‍എയുമായി അടുത്ത ബന്ധം പുലര്‍ത്തിയവെര കണ്ടെത്തുന്നതിന് വേണ്ട കോണ്ടാക്റ്റ് ട്രേസിംഗ് നടക്കുന്നതായി ബാലസോര്‍ ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പ് എംഎല്‍എ ഓഫീസ് സന്ദര്‍ശിച്ചിരുന്നതായും അതിനാല്‍ അവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ബാലസോര്‍ ജില്ലാ സബ്കളക്ടര്‍ ഹരിചന്ദ്ര ജെന അറിയിച്ചു.

എംഎല്‍എയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയമസഭ സമിത് യോഗങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണെന്നാണ് സ്പീക്കര്‍ അറിയിച്ചത്. എന്നാല്‍ യോഗങ്ങള്‍ നിര്‍ത്തി വെയ്‌ക്കേണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്താമെന്നുമാണ് ബിജെപി ചീഫ് വിപ്പ് മോഹന്‍ മാജി പറഞ്ഞത്. അതേസമയം ഒഡീഷയില്‍ വൈറസ് ബാധിതരുടെ എണ്ണം 10000 കവിഞ്ഞു. പുറത്തുവിട്ട കണക്ക് പ്രകാരം 10097 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 40 ലധികം പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.

Exit mobile version