വെട്ടുകിളികളെ തുരത്താന്‍ വ്യോമസേന രംഗത്ത്; വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് വെട്ടുകിളികളെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: കൊവിഡിന് പുറമെ രാജ്യം ഇപ്പോള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ് വെട്ടുകിളി ആക്രമണം. വെട്ടുകിളികള്‍ കാരണം ഉത്തരേന്ത്യയില്‍ സംസ്ഥാനങ്ങളില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. ഇപ്പോഴിതാ വെട്ടുകിളി ഭീഷണി നേരിടുന്ന സംസ്ഥാങ്ങള്‍ക്ക് സഹായവുമായി വ്യോമസേന രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് ആദ്യമായാണ് ഇത്തരമൊരു പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യോമസേന പങ്കാളിയാവുന്നത്.

വ്യോമസേനയുടെ Mi-17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് വെട്ടുകിളികളെ തുരത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെട്ടുകിളികള്‍ക്കെതിരെ പ്രയോഗിക്കാനാരംഭിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വെട്ടുകിളി കൂട്ടങ്ങളെ വേഗത്തില്‍ കണ്ടെത്താനും അവയെ കൂട്ടത്തോടെ നശിപ്പിക്കാനും കഴിയുമെന്നാണ് ഔദ്യോഗിക വക്താവ് വ്യക്തമാക്കിയത്. വെട്ടുകിളി കൂട്ടങ്ങള്‍ക്ക് നേരെ ആകാശത്ത് നിന്ന് തന്നെ കീടനാശിനി പ്രയോഗിക്കാനും സാധിക്കും.

രാജസ്ഥാനിലാണ് വെട്ടുകിളി ശല്യം രൂക്ഷമായിരിക്കുന്നത്. ഇവിടെ വ്യോമസേനാ ഹെലികോപ്ടറുകള്‍ ഞായറാഴ്ച തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. രണ്ട് മാസമായി ജോധ്പുരില്‍ വെട്ടുകിളികള്‍ കൂട്ടമായി എത്തിച്ചേരുകയാണ്. ഇതിനോടകം പകുതിയോളം വെട്ടുകിളികളെ നശിപ്പിക്കാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ട്. കെനിയ, പാകിസ്താന്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വെട്ടികിളികള്‍ കൂട്ടമായി എത്തുന്നത്. അടുത്ത മാസം ഇവയുടെ ശല്യം കൂടുതല്‍ രൂക്ഷമാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പുണ്ട്.

Exit mobile version