ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആഗസ്ത് 15ഓടെ വിപണിയിലെത്തിക്കുമെന്ന് ഐസിഎംആര്‍, ‌വെല്ലുവിളി നിറഞ്ഞതും വിഷമം പിടിച്ചതുമായ ജോലിയാണന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആഗസ്ത് 15 വിപണിയിലെത്തിക്കുമെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു. ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന്‍ കോവാക്സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ഓഗസ്റ്റ് 15 ഓടെ വാക്സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു. ആഗസ്ത് 15ന് കോവാക്‌സിന്‍ പുറത്തിറക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം ഉണ്ടെങ്കിലും സാധ്യമായേക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

ജൂലൈ എഴുമുതലാണ് മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുക. മൂന്ന് മാസമെങ്കിലും പരീക്ഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ‘ഇത് വെല്ലുവിളി നിറഞ്ഞതും വിഷമം പിടിച്ചതുമായ ജോലിയാണ്. വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഫലം ലഭിച്ചാല്‍ തന്നെ വാക്‌സിന്‍ ഉടന്‍ വന്‍തോതില്‍ നിര്‍മിക്കുക എന്നത് അടുത്ത വെല്ലുവിളിയാണ്’- എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

നേരത്തെ തന്നെ തിയ്യതി തീരുമാനിച്ച് വാക്‌സിന്‍ പുറത്തിറക്കുന്നത് പരിഹാസ്യമാണെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഷഹീദ് ജമീല്‍ പറയുന്നു- ‘ആഗോള തലത്തില്‍ ശാസ്ത്രലോകം നമ്മളെ നോക്കി ചിരിക്കും. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇന്ത്യയ്ക്ക് ശാസ്ത്രരംഗത്ത് ഒരുപാട് ചെയ്യാനുണ്ട്. ഇങ്ങനെ പെരുമാറിയാല്‍ നാളെ നല്ലൊരു വാക്‌സിന്‍ വികസിപ്പിച്ചാലും ആര് നമ്മളെ വിശ്വസിക്കും?’ എന്നും അദ്ദേഹം ചോദിക്കുന്നു.

കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനായി തെരഞ്ഞെടുക്കപ്പെട്ട 12 ആശുപത്രികള്‍ക്ക് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ നല്‍കിയ കത്തിലാണ് ആഗസ്ത് 15 എന്ന തിയ്യതി പരാമര്‍ശിച്ചിരിക്കുന്നത്.ജൂണ്‍ 29നാണ് മരുന്ന് പരീക്ഷണത്തിന് അനുമതി ലഭിച്ചത്.

ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ ഫലം ഒക്ടോബറോടെയേ അറിയാന്‍ കഴിയൂ എന്നാണ് ഭാരത് ബയോടെക് പറഞ്ഞത്. മൂന്നാം ഘട്ടത്തില്‍ പരീക്ഷണം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ ആഗസ്ത് 15ഓടെയെന്ന ഐസിഎംആര്‍ അവകാശവാദം എങ്ങനെ സാധ്യമാകുമെന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്.

ഹൈദരാബാദിലെ ഭാരത് ബയോടെക്ക് ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഓഗസ്റ്റ് 15ന് പ്രതിരോധ മരുന്ന് വിതരണത്തിനെത്തിക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആര്‍ ധാരണയിലെത്തിയിരുന്നു.

ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ വാക്സിന്റെ ഓരോ ഘട്ടവും കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷമാകും വാക്സിന്‍ വിപണിയിലെത്തിക്കുകയെന്നും പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്റെ വിജയമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കുന്നു.

Exit mobile version