ഇനി മുതല്‍ ഫെയര്‍ ആന്‍ഡ് ലവ് ലി അല്ല, ഗ്ലോ ആന്‍ഡ് ലവ് ലി: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പേര് മാറ്റം

ന്യൂഡല്‍ഹി: സൗന്ദര്യവര്‍ധക ക്രീമായ ഫെയര്‍ ആന്‍ഡ് ലവ് ലി പേര് മാറ്റി. ഇനി മുതല്‍ ഗ്ലോ ആന്‍ഡ് ലവ് ലി എന്ന പേരിലായിരിക്കും ക്രീം ഇറങ്ങുക. പുരുഷന്‍മാര്‍ക്കുള്ള ക്രീമിനെ ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം എന്നും പേരുമാറ്റിയതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അറിയിച്ചു.

വെളുത്ത തൊലിയാണ് സൗന്ദര്യമെന്ന സ്‌കിന്‍ ക്രീം പരസ്യത്തിലെ വാചകങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഫെയര്‍ ആന്‍ഡ് ലവ് ലി സ്‌കിന്‍ ക്രീം ഉപയോഗിച്ച് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതും ഉന്നതവിജയം നേടുന്നതും വലിയ ജോലി സ്വന്തമാക്കുന്നതുമെല്ലാം പരസ്യത്തില്‍ നിറഞ്ഞിരുന്നു.

ഇരുണ്ട നിറമുള്ള ത്വക്കുമായി ബന്ധപ്പെട്ട് നെഗറ്റീവ് പരാമര്‍ശങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് ക്രീമിന്റെ പേരുമാറ്റി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ രംഗത്തെത്തിയത്.

കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ പ്രസിഡന്റ് സണ്ണി ജെയിന്‍ ഒരു പ്രസ്താവന ഇറക്കിയിരുന്നു, അത് ഇങ്ങനെയാണ്, ‘സൗന്ദര്യത്തിന്റെ നാനാത്വം ആഘോഷിക്കുന്നതിനും എല്ലാ നിറത്തിലുമുള്ള ത്വക്കുകള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

അഴകുള്ളത്, വെളുത്തത്, പ്രകാശിക്കുന്നത് എന്ന ഒറ്റ രീതിയിലുള്ള സൗന്ദര്യ സങ്കല്‍പം ശരിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത് പരിഹരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ ഭാഷ മാറ്റാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു’ – ഏതായാലും അത് മാറിയിരിക്കുകയാണ്. വെളുത്തവര്‍ക്ക് മാത്രമാണ് സൗന്ദര്യമുള്ളതെന്ന സങ്കല്‍പം.

Exit mobile version