കല്യാണത്തില്‍ പങ്കെടുത്തത് 300ലേറെ പേര്‍, ദിവസങ്ങള്‍ക്കുള്ളില്‍ വരന്‍ പനി ബാധിച്ച് മരിച്ചു, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത് 200 പേരും, ഒടുവില്‍ 111 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍

പട്‌ന: കോവിഡ് മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് 200ലേറെ പേര്‍. മരിച്ച യുവാവിന്റെ വിവാഹത്തിലും പങ്കെടുക്കാന്‍ 300 ലേറെ പേര്‍ എത്തിയിരുന്നു. ഈ വിവാഹത്തില്‍ പങ്കെടുത്ത 111 പേര്‍ക്കു കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ബീഹാറിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് വരന്‍ കടുത്ത പനി ബാധിച്ച് മരിച്ചത്. പട്‌ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനില്‍ ജൂണ്‍ 15നാണ് വിവാഹം നടന്നത്. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ വരന്‍ കടുത്ത പനിയോടെയാണ് വിവാഹവേദിയിലെത്തിയിരുന്നത്.

മുന്നൂറിലധികം പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കോവിഡ് മുന്നറിയിപ്പുകളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു വിവാഹം നടന്നത്. മേയ് അവസാനം നാട്ടിലെത്തിയ യുവാവിന് വിവാഹത്തലേന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. പനി മുര്‍ച്ഛിച്ചതോടെ വിവാഹം മാറ്റിവയ്ക്കാമെന്ന അഭിപ്രായവും ഉയര്‍ന്നു.

എന്നാല്‍ തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതിനാല്‍ വിവാഹം മാറ്റിവയ്ക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന് കുടുബക്കാര്‍ അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. പാരസെറ്റാമോള്‍ കഴിച്ചാണ് യുവാവ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ യുവാവ് വീണ്ടും പനിയെ തുടര്‍ന്ന് അവശനായി. ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 17ാം തിയ്യതിയാണ് യുവാവ് മരിച്ചത്. കോവിഡ് പരിശോധന നടത്താതെ മൃതദേഹം സംസ്‌കരിച്ചതിനാല്‍ ഇയാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല.

യുവാവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇരുന്നൂറിലേറെ പേര്‍ എത്തി. വിവാഹത്തിന് 50 പേരും സംസ്‌കാരത്തിന് 20 പേരും മാത്രമേ പങ്കെടുക്കാവൂയെന്നാണ് കോവിഡ് മാര്‍ഗനിര്‍ദേശം. ഇതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു യുവാവിന്റെ കല്ല്യാണവും ശവസംസ്‌കാരവും നടന്നത്.

യുവാവിന്റെ മരണ ശേഷം കല്യാണത്തില്‍ പങ്കെടുത്ത 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനാല്‍ കല്യാണത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്തി അധികൃതര്‍ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. യുവാവിന്റെ ഭാര്യയടക്കം അടുത്ത കുടുംബക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗം കണ്ടെത്തിയവരില്‍ അധികം പേരും ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല.

Exit mobile version