തൂത്തുകുടി: ജയരാജിനും ബെന്നിക്‌സിനും നീതി ലഭിക്കണം; മജിസ്‌ട്രേറ്റിനോട് പോലീസുകാർ സംസാരിച്ച രീതിയറിഞ്ഞ് ഞെട്ടിപ്പോയി: രജനികാന്ത്

ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം പോലീസ് സ്‌റ്റേഷനിൽ അച്ഛനും മകനും മർദ്ദനത്തിനിരയായി മരിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നടൻ രജനികാന്ത്. പ്രതികളായ പോലീസുകാരെ വെറുതെ വിടരുതെന്നും കൊല്ലപ്പെട്ട ജയരാജിനും മകൻ ബെന്നിക്‌സിനും നീതി ലഭിക്കണമെന്നും രജനികാന്ത് പുറത്തിറക്കിയ പത്ര കുറിപ്പിൽ പറയുന്നു.

”പിതാവിനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതിൽ മനുഷ്യരാശി മുഴുവൻ അപലപിച്ചതിന് ശേഷവും, ചില പോലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പ്രതികളെ കഠിനമായി ശിക്ഷിക്കണം. ഒരിക്കലും രക്ഷപ്പെടരുത്”- രജനികാന്തിന്റെ കുറിപ്പിങ്ങനെ.

ജൂണ് 19ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മരവ്യാപാരിയും മൊബൈൽ കടയുടമയുമായ ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനെ പോലീസ് പിടിച്ചതറിഞ്ഞ് എത്തിയ ബെന്നിക്‌സിനെയും പോലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

പോലീസിനെ ആക്രമിച്ചു, അസഭ്യം വിളിച്ചു എന്നു പറഞ്ഞ് ബെന്നിക്‌സ് എന്ന 31 വയസ്സുകാരനെയും പിതാവ് ജയരാജിനേയും പോലീസ് കസ്റ്റഡിയിൽ വച്ച് മൂന്ന് ദിവസം തുടർച്ചയായി അതിക്രൂരവും പ്രാചീനവുമായ പോലീസ് അതിക്രമത്തിന് വിധേയരാക്കി കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സംഘം ചേർന്നുള്ള മർദ്ദനത്തിലും ഉരുട്ടലിലും ആന്തരിക അവയവങ്ങൾക്ക് വരെ ക്ഷതം സംഭവിച്ചു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തിൽ ഉൾപ്പെടെ മുറിവേൽപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Exit mobile version