ഞങ്ങളെ അധികാരത്തില്‍ എത്തിച്ചാല്‍ ശൈശവ വിവാഹത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടാവില്ല; വാഗ്ദാനവുമായി ബിജെപി സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സോജത് മേഖലയില്‍ നടന്ന സ്നേഹ സമ്മേളന്‍ എന്ന പരിപാടിക്കിടെയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം

ജയ്പൂര്‍: തങ്ങളെ അധികാരത്തില്‍ എത്തിച്ചാല്‍ ശൈശവ വിവാഹം നടത്തുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടികളും ഉണ്ടാവില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനാവുമായി ബിജെപി സ്ഥാനാര്‍ത്ഥി രംഗത്ത്. രാജസ്ഥാനിലെ സോജത് നിയസഭാസീറ്റിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ ചൗഹാനാണ് ഇത്തരത്തിലൊരു വാഗ്ദാനവുമായി രംഗത്തെത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സോജത് മേഖലയില്‍ നടന്ന സ്നേഹ സമ്മേളന്‍ എന്ന പരിപാടിക്കിടെയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. സംസ്ഥാനത്ത് ഞങ്ങള്‍ അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ശൈശവ വിവാഹത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടാവില്ല. അക്കാര്യം നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. ശൈശവ വിവാഹം നടത്തിയതിന്റെ പേരില്‍ ആരും നിയമനടപടി നേരിടേണ്ടി വരില്ലെന്നും ഇവര്‍ പറഞ്ഞു.

ഇവിടെ ദേവദാസി വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ ശൈശവ വിവാഹം നടത്തിയതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുന്ന സാഹചര്യത്തിലാണ് വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം.

Exit mobile version