വിരമിക്കാൻ നാല് ദിവസം ബാക്കി; നഴ്‌സിന്റെ ജീവനപഹരിച്ച് കൊവിഡ്

വിരമിക്കാൻ നാല് ദിവസം ബാക്കി; നഴ്‌സിന്റെ ജീവനപഹരിച്ച് കൊവിഡ്; കണ്ണീർ

ഹൈദരാബാദ്: ഇത്രനാളും ലീവെടുക്കാതെ രോഗികളെ പരിചരിക്കുകയും ജീവനക്കാരുടെ കുറവിനെ തുടർന്ന് ജോലിയിൽ തുടരുകയും ചെയ്ത നഴ്‌സിനെ വിരമിക്കാൻ നാല് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തട്ടിയെടുത്ത് കൊവിഡ്. ഹൈദരാബാദിലെ ഗവൺമെന്റ് ജനറൽ ആന്റ് ചെസ്റ്റ് ആശുപത്രിയിലെ മുതിർന്ന നഴ്‌സാണ് വിരമിക്കാനിരിക്കെ കൊവിഡ് ബാധിച്ച് മരിച്ചത്. ജൂൺ അവസാനത്തോടെ ജോലിയിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു ഇവർ. മെഡിക്കൽ അവധിയിലായിരുന്ന ഇവർ ജീവനക്കാരുടെ കുറവിനെ തുടർന്നാണ് അവധി റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിക്കുകയായിരുന്നു.

ആശുപത്രിയിലെ കൊവിഡ് വാർഡിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നാകാം ഇവർക്ക് രോഗം പകർന്നതെന്ന് കരുതുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ഗുരുതരാവസ്ഥയിൽ ഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവർ പ്രമേഹ രോഗിയായിരുന്നുവെന്നതും സ്ഥിതി മോശമാക്കി. തുടർന്ന് ഇവർ രണ്ടുദിവസമായി വെന്റിലെറ്ററിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചതെന്ന് ഗാന്ധി ഹോസ്പിറ്റലിലെ ഡോ. പ്രഭാകര റെഡ്ഡി എഎൻഐയോട് പറഞ്ഞു. ഹൈദരാബാദിൽ ആദ്യമായാണ് കോവിഡ് ബാധിച്ച് മുതിർന്ന നഴ്‌സ് മരിക്കുന്നത്.

Exit mobile version