രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം; കൊവിഡ് പരിശോധന മാനദണ്ഡം പരിഷ്‌കരിച്ച് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനദിനം വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണമെന്നാണ് ഐസിഎംആറിന്റെ പുതിയ നിര്‍ദേശം. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണിലും ആശുപത്രികളിലും നിരീക്ഷണത്തിലുള്ളവര്‍, രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് കൊവിഡ് പരിശോധ നടത്തിയിരുന്നത്.

വൈറസ് ബാധ തടയാനും ജീവന്‍ രക്ഷിക്കാനും കൊവിഡ് പരിശോധനയും രോഗബാധിതരെ കണ്ടെത്തുന്നതും ചികിത്സയുമാണ് ഒരേയൊരു മാര്‍ഗം. അതിനാല്‍ രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കിയത്. അതേസമയം രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു.

അതേസമയം സംസ്ഥാന സര്‍ക്കാരുകളും, പൊതു-സ്വകാര്യ സ്ഥാപനങ്ങളും, കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്വകാര്യ ആശുപത്രികള്‍, ഓഫീസ്, പൊതുമേഖലായൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ആന്റി ബോഡി ടെസ്റ്റ് നടത്തണമെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു. നേരത്തെ കണ്ടെയന്‍മെന്റ് സോണ്‍, കുടിയേറ്റ തൊഴിലാളി കേന്ദ്രം, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആന്റി ബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നായിരുന്നു ഐസിഎംആറിന്റെ നിര്‍ദേശം.

Exit mobile version