കടുത്ത പനി, പരിശോധിച്ചപ്പോള്‍ കോവിഡ്, മലയാളി യുവതി ഗുജറാത്തില്‍ ജീവനൊടുക്കി

അഹമ്മദാബാദ്: കോവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ ഗുജറാത്തിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മിനു നായരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിനുള്ളില്‍ മൃദേഹം കണ്ടെത്തിയത്. ഒരാഴ്ചയായി പനി ബാധിച്ച് വീട്ടില്‍ കഴിയുകയായിരുന്ന മിനു സിവില്‍ ആശുപത്രിയിലാണ് കോവിഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് ഡോക്ടറോട് പറഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയശേഷം തൂങ്ങിമരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും മിനുവിനെ പുറത്തൊന്നും കാണാതായതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന മിനുവിന്റെ അമ്മ പാലക്കാടും അച്ഛന്‍ തിരുവനന്തപുരവും സ്വദേശികളാണ്. മകള്‍ വിവാഹിതയായി ഓസ്‌ട്രേലിയയിലാണ്. പ്‌ളസ് ടു വിദ്യാര്‍ഥിയായ ഒരു മകനുണ്ട്.

Exit mobile version