ആയുധങ്ങൾ ഇല്ലാതെയല്ല സൈനികരെ അതിർത്തിയിൽ അയച്ചത്; എന്നാൽ തർക്കത്തിനിടെ ആയുധം ഉപയോഗിക്കാറില്ല; രാഹുൽ ഗാന്ധിയോട് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാൻ താഴ്‌വരയിലെ അതിർത്തിയിൽ നടന്ന സംഘർഷത്തെ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സംഘർഷം നടക്കുമ്പോൾ ഇന്ത്യൻ സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു. ചൈനീസ് അതിർത്തിയിലുണ്ടായിരുന്ന സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നു. എന്നാൽ, നിയന്ത്രണരേഖയിലുണ്ടാവുന്ന തർക്കങ്ങൾക്കിടെ ആയുധം ഉപയോഗിക്കാറില്ലെന്നും ജയശങ്കർ വ്യക്തമാക്കി.

ആയുധങ്ങളില്ലാതെ സൈന്യത്തെ എന്തിന് അതിർത്തിയിലേക്ക് അയച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇതിനോടാണ് ജയശങ്കറിന്റെ മറുപടി. 1996ലേയും 2005ലേയും കരാറുകൾ അനുസരിച്ചാണ് ചൈനീസ് അതിർത്തിയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇതിൽ ആദ്യ കരാർ ഒപ്പിട്ടത് ദേവഗൗഡയുടെ കാലത്തും രണ്ടാമത്തേത് മൻമോഹന്റെ കാലത്തുമായിരുന്നു.

അതേസമയം, നിയന്ത്രണരേഖയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും ഇന്ത്യൻ സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

Exit mobile version