‘അനുവദിച്ചാല്‍ ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കില്ല’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രഥയാത്ര സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രഥയാത്ര സുപ്രീം കോടതി തടഞ്ഞു. ജൂണ്‍ 23 നാണ് ഈ വര്‍ഷത്തെ രഥയാത്ര നടക്കേണ്ടത്.

ഇത്തവണ രഥയാത്ര നടത്താന്‍ അനുവദിച്ചാല്‍ ജഗന്നാഥന്‍ തങ്ങളോട് ക്ഷമിക്കില്ലെന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞത്. രഥയാത്രയോട് അനുബന്ധിച്ച് ഇരുപത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണുള്ളത്. അതേസമയം ക്ഷേത്രത്തിന് ഉള്ളിലെ ചടങ്ങുകള്‍ അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ മതപരമായ കാര്യങ്ങളിലെ ആവേശം എന്തൊക്കെ വരുത്തിവയ്ക്കുമെന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്നും ചടങ്ങുകള്‍ നടത്താന്‍ അനുവദിച്ചാല്‍ പോലും ജഗന്നാഥന്‍ തങ്ങളോട് ക്ഷമിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം ഒഡീഷയുടെ മറ്റ് ഭാഗങ്ങളില്‍ പുരി രഥയാത്രയുടെ ഭാഗമായി നടക്കുന്ന മറ്റ്
രഥയാത്രകള്‍ തടയാന്‍ സുപ്രീം കോടതി ഒഡീഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രഥോല്‍സവത്തില്‍ പങ്കെടുക്കാന്‍ എല്ലാ വര്‍ഷവും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളൂം സന്യാസികളും എത്താറുണ്ട്. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ വലിയ രഥങ്ങളിലേറ്റി ക്ഷേത്രത്തില്‍ നിന്ന് ഏതാണ് രണ്ടൂ മൈല്‍ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്ന ചടങ്ങാണിത്. ഗോകുലത്തില്‍ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓര്‍മ്മിക്കുന്ന ഒരു ചടങ്ങാണ് ഈ രഥയാത്ര ആഘോഷം.

Exit mobile version