നോട്ടുനിരോധനം കള്ളപ്പണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് സമയത്ത് റെക്കോഡ് കള്ളപ്പണമാണ് പിടിച്ചെടുത്തത്; ഒപി റാവത്ത്

നോട്ടുനിരോധനത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ റെക്കോഡ് കള്ളപ്പണം പിടിച്ചെടുത്തതായും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം കള്ളപ്പണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത്. നോട്ടുനിരോധനത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ റെക്കോഡ് കള്ളപ്പണം പിടിച്ചെടുത്തതായും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നോട്ടുനിരോധനം കള്ളപ്പണത്തിന് ഏതെങ്കിലും തരത്തിലുള്ള ആഘാതം ഉണ്ടാക്കിയോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും ഒന്നുമില്ല. നോട്ടുനിരോധനത്തിനു ശേഷം റെക്കോഡ് കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ പിടിച്ചെടുത്തത്. ഈയിടെ തെരഞ്ഞെടുപ്പ് നടന്നതും നടക്കാനിരിക്കുന്നതുമായ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും 200 കോടിയോളം രൂപയാണ് ഞങ്ങള്‍ പിടിച്ചെടുത്തത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് അതീവ ശക്തവും, സ്വാധീനമുള്ള ആളുകളാണ് ഇതില്‍ പിന്നില്‍ ഇടപെട്ടിരിക്കുന്നത് എന്നുമാണ് ഇതില്‍ നിന്നും തെളിയുന്നത്’, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജനുവരിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിക്കപ്പെട്ട റാവത്ത് ഇന്നലെ സ്ഥാനത്തു നിന്നും വിരമിച്ചിരുന്നു. പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ ഇന്ന് സ്ഥാനമേല്‍ക്കും.

Exit mobile version