കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 10667 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 343091 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 380 പേര്‍, മണസംഖ്യ 9900 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ വലിഞ്ഞുമുറുക്കി കൊവിഡ് 19. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 343091 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 9900 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 153178 ആക്ടീവ് കേസുകളാണ് ഉള്ളത്. 180013 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,786 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1,10,744 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 178 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 4000 കവിഞ്ഞു. ഇതുവരെ 4,128 പേരാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 56049 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,067 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ വൈറസ് ബാധിതരുടെ എണ്ണം 59,293 ആയി ഉയര്‍ന്നു.

തമിഴ്നാട്ടിലും വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. തിങ്കളാഴ്ച പുതുതായി 1843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 44 പേരാണ് കഴിഞ്ഞ ദിവസം മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 46,504 ആയി. 479 പേരാണ് ഇതുവരെ മരണപ്പെട്ടത്. 20678 പേര്‍ ചികിത്സയില്‍ തുടരുന്നു. 25,344 പേര്‍ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്

Exit mobile version