ഉത്തരാഖണ്ഡില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആറുമാസം തടവും 5000 രൂപ പിഴയും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇനിമുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആറുമാസം തടവും 5000 രൂപ പിഴയും. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. വൈറസ് ബാധിതരുടെ എണ്ണം 1700 കടക്കുകയും 21 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് മാസ്‌ക് ധരിക്കാത്തവര്‍ക്ക് തടവും പിഴയും ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനും ഒഡീഷയ്ക്കും ശേഷം എപ്പിഡമിക് ആക്ടില്‍ ഭേദഗതി വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

ഉത്തരാഖണ്ഡിന് പുറമെ ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 5000 രൂപയാണ് പിഴ ചുമത്തുന്നത്. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആയിരം രൂപയാണ് പിഴ. ഉത്തര്‍പ്രദേശില്‍ 500 രൂപയും ഛത്തീസ്ഗഢില്‍ നൂറ് രൂപയുമാണ് പിഴ ഈടാക്കുന്നത്.

Exit mobile version