തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ഒരു എംഎല്‍എയ്ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ എംഎല്‍എയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്രീപെരുമ്പത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ. പളനി (57) എംഎല്‍എയ്ക്കാണ് വൈറസ് ബാധയേറ്റത്. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പനി കടുത്തതിന് പിന്നാലെയാണ് കെ പളനി എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീപെരുമ്പത്തൂര്‍ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നതായി അടുത്ത വൃത്തങ്ങളും അറിയിച്ചു.

കൊവിഡ് 19 രോഗബാധ രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ മണ്ഡലമായ ശ്രീപെരുമ്പത്തൂര്‍. എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ തമിഴ്നാട് എംഎല്‍എയാണ് പളനി.

Exit mobile version