ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ എംഎല്‍എ മരിച്ചു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷന്‍ കൂടിയായ ജെ. അന്‍പഴകനാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ചെപ്പോക്ക് എംഎല്‍എ ആയിരുന്നു അദ്ദേഹം.

ഈ മാസം രണ്ടാം തിയ്യതിയാണ് എംഎല്‍എക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ആരോഗ്യനില ഗുരുതരമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.

തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി 1685 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. മരണസംഖ്യ 307 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. തമിഴ്നാട്ടിലെ എഴുപത് ശതമാനം കൊവിഡ് രോഗികളും ചെന്നൈയിലാണ്.

Exit mobile version