അസമില്‍ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം; ആറ് പേര്‍ക്ക് പരിക്കേറ്റു, തീ അണയ്ക്കാന്‍ വ്യോമസേനയുടെ സഹായം ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി

ഗുവാഹത്തി: അസമില്‍ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം. ടിന്‍സുകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രകൃതിവാതകക്കിണറിനാണു തീപിടിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തീപിടുത്തം ഉണ്ടായത്.

രണ്ടാഴ്ചയിലേറെയായി തുടരുന്ന വാതകച്ചോര്‍ച്ച അടയ്ക്കാന്‍ സിംഗപ്പുരിലെ അലെര്‍ട്ട് ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ എന്ന സ്ഥാപനത്തില്‍നിന്നുള്ള മൂന്നംഗ വിദഗ്ധസംഘമെത്തി 24 മണിക്കൂറിനകമാണ് തീപിടുത്തം ഉണ്ടായത്. ഇവര്‍ അടക്കമുള്ളവര്‍ ദുലിയാജാനിലെ ഒഐഎല്‍ ഓഫീസില്‍ യോഗം ചേരുന്നിടെയായിരുന്നു സംഭവം.

എണ്ണ കിണറില്‍നിന്നു പുറത്തേക്കു വമിക്കുന്ന പുക കിലോമീറ്ററുകള്‍ അകലെവരെ ദൃശ്യമാണ്. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി സംഭവസ്ഥലത്തിന് ഒന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ നേരത്തെതന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

അതേസമയം തീയണക്കാന്‍ വ്യോമസേനയുടെ സഹായം വേണമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. സിംഗപ്പൂര്‍ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നാലു ദിവസ ങ്കിലും തീയണയ്ക്കാന്‍ വേണ്ടിവരുമെന്നാണ് ഓയില്‍ ഇന്ത്യ കോര്‍പ്പറേഷന്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാല്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് വ്യോമസേനയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. എണ്ണക്കിണറിലെ തീ വന്‍ പരിസ്ഥിതി നാശമുണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ദിബ്രു- സൈഖോവ ദേശിയ പാര്‍ക്കിനരികെയാണ് എണ്ണക്കിണറുകള്‍.

Exit mobile version