ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത സ്ത്രീക്ക് കൊവിഡ്; ഹിനയെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനു പുറമെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ പ്രേരണ നല്‍കിയതിനും കൂടിയാണ് കാശ്മീരില്‍ നിന്നുള്ള ഹിന ബാഷിര്‍ ഖാന്‍ എന്ന സ്ത്രീ അറസ്റ്റിലായത്.

ഭര്‍ത്താവ് ജഹാന്‍സെയ്ബ് സമിക്കൊപ്പം കഴിഞ്ഞ മാര്‍ച്ചിലാണ് ഹിന അറസ്റ്റിലാകുന്നത്. ശേഷം ഇവരുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കാനും ജൂണ്‍ ആറിന് കോടതി നിര്‍ദേശിച്ചിരുന്നു. ശേഷം ഫലത്തില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റാനും കോടതി ഉത്തരവിടുകയും ചെയ്തു.

അവരെ ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി ഉത്തരവിട്ടത്. ഇവര്‍ക്ക് പുറമെ, അബ്ദുള്‍ ബാസിത്ത് എന്നൊരാള്‍കൂടി ദമ്പതികള്‍ക്കൊപ്പം അറസ്റ്റിലായിരുന്നു. കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറി. അറസ്റ്റിലായ മൂന്നുപേരും ഭീകര സംഘടനയായ ഐഎസ്ഐഎസ്സിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണെന്നും രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്നും ഐഎസ്‌കെപി ഭീകര സംഘടനയിലേക്ക് ആളെച്ചേര്‍ക്കാന്‍ ശ്രമിച്ചുവെന്നും കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതിന് മുമ്പ് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ജഹാന്‍സെയ്ബിന് അബ്ദുള്‍ ബാസിത്ത് അയച്ച ഓഡിയോ സന്ദേശത്തില്‍ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭീകര സംഘടനയായ ഐഎസ്‌കെപിയുടെ ഇന്ത്യന്‍ തലവനുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version